തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും കെഎസ്ആർടിസിയിൽ പുതുതായി കണ്ടക്ടർമാരെ നിയമിച്ചാലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകാൻ സാധ്യത കുറവ്. ഹൈക്കോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ട 3861 എം പാനൽ കണ്ടക്ടർമാർക്ക് പകരം പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും ഇത്രയും കണ്ടക്ടർമാരെ നിയമിക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പിഎസ് സി റാങ്ക് ലിസ്റ്റിൽ കണ്ടക്ടർ നിയമനത്തിന് 1500 ൽ താഴെ ഉദ്യോഗാർഥികൾ മാത്രമാണുള്ളതെന്നാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതിൽ 700 പേരോളം മാത്രമാണ് കണ്ടക്ടർമാരാകാൻ സജീവമായി രംഗത്തുള്ളതെന്നുമാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. 9000 സ്ഥിരം കണ്ടക്ടർമാരാണ് കെഎസ്ആർടിസി യിൽ ഉള്ളതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നൽകാൻ ഉദ്യോഗാർഥികൾക്ക് കെഎസ്ആർടിസി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്ന് ഇന്നലെ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.
റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകിയിട്ടും കണ്ടക്ടർമാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചാൽ താൽക്കാലികമായി ജീവനക്കാരെ നിയമിക്കേണ്ടിവരുമെന്നാണ് കെഎസ്ആർടിസി വൃത്തങ്ങൾ നൽകുന്ന വിവരം.