വിദ്യാർഥിനിയുടെ മുഖത്തേക്ക് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഒളിവിൽ. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരേ പിറവം പോലീസ് കേസെടുത്തിട്ടുണ്ട്.
എസ്എസ്എൽസി പരീക്ഷയെഴുതുന്ന പെണ്‍കുട്ടി പ്രാർഥിക്കുന്നതിനായി മുളന്തുരുത്തിക്കടുത്ത് തുരുത്തിക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തിയശേഷം മടങ്ങുന്പോഴാണ് സംഭവമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ തുരുത്തിക്കരയിൽനിന്നാണ് പെണ്‍കുട്ടിയും മാതാവും ആർഎസ്സി-931 നന്പർ ബസിൽ കയറിയത്.
വൈറ്റില-സീതത്തോട് റൂട്ടിലോടുന്ന ബസാണിത്. പിറവത്ത് പാഴൂർ മുല്ലൂർപ്പടി ജംഗ്ഷനിൽ ബസ് നിർത്തണമെന്ന് ഇരുവരും ആവശ്യപ്പട്ടെങ്കിലും കണ്ടക്ടർ ചെവിക്കൊണ്ടില്ല. അടുത്ത സ്റ്റോപ്പായ ദേവിപ്പടിയിലും ബസ് നിർത്തിയില്ല. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് പിറവം പാലം കഴിഞ്ഞ് കെഎസ്ഇബി ഓഫീസിന് മുന്നിൽ ബസ് നിർത്തിക്കുകയായിരുന്നു.
ബസ് നിർത്തി പെണ്‍കുട്ടിയും മാതാവും ബസിൽനിന്ന് ഇറങ്ങിയപ്പോൾ ക്ഷോഭിച്ച് സംസാരിച്ചുകൊണ്ട് കണ്ടക്ടർ മുഖത്തേക്ക് കാർപ്പിച്ച് തുപ്പുകയായിരുന്നുവെന്ന് പറയുന്നു. പിറവം എംകെഎം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി.
ഇതു സംബന്ധിച്ച് ഇന്നലെ പിറവം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടർ പ്രവീണുമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു. പാലാ ഡിപ്പോ അധികൃതരും പോലീസുമായി നിസഹകരണ മനോഭാവമാണന്ന് പുലർത്തുന്നതെന്ന് പറയുന്നു. ഇന്ന് പിറവം പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് കണ്ടക്ടർ അറിയിച്ചതായി പറയുന്നു.