ആലുവ/പെരുന്പാവൂർ: പ്രളയത്തില്‍ നഷ്ടപ്പെട്ട കണ്സഷന് കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിനു വിദ്യാര്‍ഥികളുടെ പക്കൽ നിന്നും 500 രൂപ പിഴയായി ഈടാക്കുന്നതായി ആക്ഷേപം. കൂടാതെ എത്ര ദിവസത്തേയ്ക്കായിരുന്നോ നേരത്തേ കണ്സഷൻ അനുവദിച്ചിരുന്നത് ആ ദിവസത്തിനു ശേഷമേ പുതിയ കണ്സഷൻ നൽകുന്നുള്ളുവെന്നും പരാതിയുണ്ട്.
കെഎസ്ആര്‍ടിസിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ എടിഒ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് സീനിയര്‍ സൂപ്രണ്ട് റോയ് എസ്. ജോണ്‍സണുമായി നടന്ന ചര്‍ച്ചയില്‍ ഇന്നുമുതല്‍ പിഴതുക ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ ഉറപ്പ് നല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യക്തമാക്കി.
പോലീസും സമരക്കാര്‍ക്ക് വ്യക്തമായ ഉറപ്പ് നല്കാന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നു മുതല്‍ പിഴതുക ഒഴിവാക്കിയതായി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധനം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക് അധ്യക്ഷത വഹിച്ചു.
ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തം നീട്ടേണ്ട സർക്കാർ സംവിധാനം തന്നെ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടിനെതിരേ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നും ഇത് സംബന്ധിച്ച പരാതി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കും നൽകിയതായി യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി ലോക്സഭാ ജനറൽ സെക്രട്ടറി ഷിജോ വർഗീസ് അറിയിച്ചു.