ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്.
ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്.
ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചപ്പോൾ അത് വൻലാഭകരമായി മാറുകയും ചെയ്തു.
കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തിൽ ലോജിസ്റ്റിക് സർവീസിന് മുഖ്യ പങ്കാണ് ഇപ്പോഴുള്ളത്. ഒന്നര വർഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സർവീസ് നിരക്ക് വർധിപ്പിക്കുന്നത്.
പ്രദീപ് ചാത്തന്നൂർ