എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 100 കോടി 75 ലക്ഷം രൂപ കാണാതായതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ സർക്കാരിന് കത്തു നൽകും.
ഇത്രയും തുക ചെലവഴിച്ചതിനെ സംബന്ധിച്ചുള്ള ഫയലുകൾ കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫയലുകൾ കണ്ടെത്തിയാൽ പണം എവിടെ പോയി എന്നതു സംബന്ധിച്ച് കൃത്യമായ വിവിരം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
എംഡിയും തൊഴിലാളി യൂണിയനും തമ്മിലുള്ള തർക്കത്തിൽ എംഡിക്കൊപ്പമാണ് വകുപ്പ് മന്ത്രി. അതുകൊണ്ട് തന്നെ എംഡിയുടെ ശിപാർശ ലഭിച്ചാൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടും.
അതേസമയം വിവാദ പ്രസ്താവനകൾ പാടില്ലെന്ന് മുഖ്യമന്ത്രി കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടു. എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ വകുപ്പ് മന്ത്രി ഇതുവരെ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
കോടികൾ കാണാതായത് കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. നാലു വർഷത്തിനിടയിൽ അഞ്ച് എംഡിമാരാണ് കെഎസ്ആർടിസി ഭരിച്ചത്. ഓരോ എംഡിമാരുടെ കാലത്തും പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരും.
ഇതും കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമായി എന്നാണ് തൊഴിലാളികൾ പറയുന്നത്. ഷോപ്പിംഗ് കോംപ്ലക്സുകൾ കെട്ടിയിട്ടിരിക്കുന്നതല്ലാതെ അതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസി അധികൃതർ തയ്യാറാകുന്നില്ലെന്നും അവർ ആരോപിക്കുന്നു.