ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകൾക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെഎസ്ആർടിസി കൊറിയറിന്റെ സൗജന്യസേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു.
തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിൻ കൊറിയർ സർവീസാണ് കെഎസ്ആർടിസിക്കായി നിലവിൽ കൊറിയർ സേവനം നടത്തുന്നത്. ഇതുവഴിയാണ് പ്രളയ ബാധിത സ്ഥലങ്ങളിലേക്കും അവിടെയുള്ള ആളുകൾക്കും സാധനങ്ങൾ സൗജന്യമായി എത്തിച്ചുകൊടുക്കുന്നത്.
ഇത്തരത്തിൽ സാധനങ്ങൾ അയക്കേണ്ടവർ തങ്ങളുടെ തിരിച്ചറിയൽ കാർഡിന്റെ ഒരു പകർപ്പും സാധനം എത്തിച്ചുകൊടുക്കേണ്ട സംഘടനയുടെയോ സർക്കാർ സംവിധാനങ്ങളുടെയോ വ്യക്തികളുടെയോ മൊബൈൽ നന്പറും ഏജൻസിയിൽ ഏൽപിച്ചാൽ മതിയാകും എന്ന് ബ്രാഞ്ച് മാനേജർ അറിയിച്ചു.
ചാലക്കുടിയിൽ രാവിലെ ഒന്പത് മുതൽ രാത്രി ഒന്പതു വരെ സേവനം ലഭിക്കുന്നതെങ്കിലും സഹായമെത്തിക്കേണ്ടവർ വിളിച്ച് അറിയിച്ചാൽ രാവിലെ ഒന്പതിനു മുന്പ് വേണമെങ്കിലും കൊരിയർ സർവീസിലെ ജീവനക്കാർ എത്തും.
കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട കൊറിയർ കേന്ദ്രങ്ങളായ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.