കെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള് ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്.
ഇന്ന് ചേര്ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്ച്ചയായില്ല. ശമ്പളം ലഭിക്കാന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല.
ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള് ജീവനക്കാരുടെ പ്രതീക്ഷ മുഴുവന് മന്ത്രിസഭായോഗത്തിലായിരുന്നു.
സര്ക്കാര് കൂടുതല് ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്.
എന്നാല് മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില് അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്ക്കാരില് നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി.
ശമ്പളം ലഭിക്കാന് ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്ക്കാര് നിലപാട്.
കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള് തുടര്സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില് തൊഴിലാളികള്ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും പ്രതിഷേധം ശക്തമാണ്.
ഇടത് മുന്നണിയില് വിഷയം ഉയര്ത്താനുള്ള ശ്രമത്തിലാണ് എ.ഐ.ടി.യു.സി. 20നുള്ളില് ശമ്പളം നല്കാനാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. അതിനായി വായ്പ എടുക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.
നിലവിലെ പ്രതിസന്ധി തുടരുകയാണെങ്കില് കെഎസ്ആര്ടിസിയുടെ ചരമഗീതം അധികം വൈകാതെ പാടേണ്ടി വരുമെന്നതാണ് അവസ്ഥ.