തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബംഗളൂരിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇബൈക്ക്, ഇ സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർ യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.