ചാത്തന്നൂർ: എല്ലാ വിഭാഗങ്ങളിലും ദിവസവേതനക്കാർ മാത്രമാകുന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസി. അസിസ്റ്റന്റ് എൻജിനീയർ മുതൽ സ്കാവഞ്ചർ തസ്തിക വരെ കരാർ ജീവനക്കാർ മാത്രമാകുന്ന നിലയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയെ താത്ക്കാലിക നിയമനം നടത്താവൂ എന്നതൊന്നും കെഎസ്ആർടിസിയ്ക്ക് ബാധകമല്ലെന്ന മട്ടാണ്. സ്ഥിരം നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്ന നിലപാടാണ് കോർപ്പറേഷന്റേത്. ഒരു ഒഴിവു പോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്. അമ്പതോളം അസി. എൻജിനീയർമാരെ1200 രൂപ ദിവസവേതനത്തിലാണ് നിയമിക്കുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരിൽ നല്ലൊരു ശതമാനവും ദിവസവേതനക്കാരാണ്. കാലാകാലങ്ങളായി ദിവസവേതനക്കാരായ കണ്ടക്ടർമാരെ നിയമിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ മെക്കാനിക്കുകളെയും ഡ്രൈവർമാരെയും നിയമിച്ചു കൊണ്ടിരിക്കയാണ്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു ഡ്യൂട്ടിയ്ക്ക് 715 രൂപയാണ് വേതനം. സ്ഥിരം ജീവനക്കാർക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്കേണ്ടതില്ല. ഡ്രൈവർമാർ 10,000 രൂപയും മെക്കാനിക്കുകൾ 5000 രൂപയും ഡെപ്പോസിറ്റായി അടയ്ക്കുകയും വേണം.
കെഎസ്ആർടിസി യിൽ ദിവസവേതനക്കാരെ നിയമിക്കുമ്പോൾ സ്ഥിരം തൊഴിലിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ് നിരാശരാക്കുന്നത്. 2016 കാലഘട്ടങ്ങളിൽ സ്ഥിരം ജീവനക്കാരും എം പാനലുകാരുമായി 42,000 ത്തോളം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ സ്ഥിരം ജീവനക്കാർ 22,000 ത്തോളമായി കുറഞ്ഞു. അവരിൽ 2,600 പേർ ഉടൻ തന്നെ വിരമിക്കും.
വിരമിക്കുന്ന ഒഴിവുകളിൽ ദിവസവേതനക്കാരെ നിയമിക്കാനാണ് നീക്കം. ജീവനക്കാർ കരാറുകാരായത് പോലെ ബസുകളും കരാറടിസ്ഥാനത്തിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സർവീസ് നടത്താൻ ബസുകളില്ലാത്തതിനാൽ കെ സ്വിഫ്റ്റിന്റെ ബസുകൾ കിലോമീറ്റർ വാടക അടിസ്ഥാനത്തിൽ എടുത്താണ് സർവീസ് നടത്തുന്നത്.
2016 കാലഘട്ടങ്ങളിൽ 6,300 ഓളം ബസുകളും 5,200 സർവീസുകളുമുണ്ടായിരുന്നു. ഇതിൽ 1,200 ബസുകൾ കണ്ടു ചെയ്തു. ശേഷിക്കുന്ന ബസുകളും വാടകയ്ക്ക് എടുത്ത ബസുകളും ഉപയോഗിച്ച് പ്രതിദിനം 3500-4000 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്.
പ്രദീപ് ചാത്തന്നൂർ