കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടത്തിൽ മരിച്ചയാളെ നാലു ദിവത്തിനു ശേഷവും തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ പിൻചക്രം കയറിയിറങ്ങി മരിച്ച മധ്യവയസ്കനെ തിരഞ്ഞ് ആരും എത്താതാണു പ്രതിസന്ധി. മരിച്ചയാളുടെ പക്കൽനിന്ന് പോലീസിനു തിരിച്ചറിയൽ രേകഖളൊന്നും ലഭിച്ചിട്ടുമില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന ആളാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഇയാളുടെ പക്കൽനിന്ന് ബാഗ് മാത്രമാണു കണ്ടെടുക്കാൻ കഴിഞ്ഞത്. നാല് ഷർട്ടുകളും മൂന്നു കാവി മുണ്ടും പല്ലു തേക്കുന്ന ബ്രഷും തോർത്തുമാണ് ബാഗിൽ ഉണ്ടായിരുന്നത്. തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനായില്ല. മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല.
പാലായില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഇയാൾ സ്റ്റാൻഡിലെത്തിയത്. ചൊവാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. ഇറങ്ങുന്നതിനിടെ കാൽതെറ്റി ബസിന്റെ അടിയിലേക്കുവീണു പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.