തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി പ്രസവിച്ചു. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്.
തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്.
തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.