കോഴിക്കോട് : 3100 കോടി നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയ്ക്കു പ്രതിമാസം ഇന്ധനചെലവ് ഇനത്തില്‍ നല്‍കേണ്ടി വരുന്നത് 95 കോടി രൂപ. യാത്രക്കാരില്ലെങ്കില്‍ പോലും സര്‍വീസ് നടത്തുന്ന പ്രവണതകള്ക്കിടെയാണ് നഷ്ടക്കണക്കുകള്‍ സഹിതം കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍തച്ചങ്കരി ജീവനക്കാര്‍ക്കു മുന്നില്‍ നിരത്തിയത്.
ഓരോ വര്‍ഷവും 2000 കോടി നഷ്ടമാണ് അധികമായി ഉണ്ടാവുന്നത്. ഇപ്പോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ 100 കോടിയോളം ഇന്ധന ഇനത്തില്‍ മാത്രം നല്‍കണം . 5000 ബസുകള്‍ ദിവസവും നിരത്തിലിറക്കുന്ന കെഎസ്ആര്‍ടിസിക്ക് മാസത്തില്‍ വരുമാനമായി ലഭിക്കുന്നത് 180 കോടി രൂപമാത്രമാണ് . വായ്പാ ഇനത്തില്‍ 40 കോടി പലിശ അടക്കേണ്ടതായുണ്ട്.
ശമ്പളം, പെന്ഷന് ഇനത്തില്‍ 86 കോടി രൂപയാണ് നല്‍കുന്നത്. 50 മുതല്‍ 60 ലക്ഷം വരെ അലവന്‍സുകളായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാസവും സര്‍ക്കാറിന്റെ അടുത്തുചെന്ന് ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി തെണ്ടേണ്ട അവസ്ഥയാണുള്ളത്.
നിലവില്‍ ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ചാണ് ഷെഡ്യൂളുകളടക്കം തീരുമാനിക്കുന്നത് .ഷെഡ്യൂള്‍ ഇടുന്നതില്‍ യാത്രക്കാര്‍ക്കോ എംഡിക്കോ പോലും റോള്‍ ഇല്ല. 250 ഓളം ബസുകള്‍ ഡ്രൈവറും കണ്ടക്ടറുമില്ലാതെ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.