കൊച്ചി: സംസ്ഥാനത്തു മഴ അതിശക്തമായി തുടരുന്നതിനാൽ തുടർച്ചയായ മൂന്നാം ദിവസവും വടക്കൻ കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു കെഎസ്ആർടിസി എറണാകുളം ഉൾപ്പെടെയുള്ള വിവിധ ഡിപ്പോകളിൽനിന്ന് അധിക സർവീസ് നടത്തിയത് ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമായി.
മഴയെത്തുടർന്ന് ഒന്പതിന് റദ്ദ് ചെയ്ത ഷൊർണൂർ, പാലക്കാട്, കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്നലെയും പുനഃസ്ഥാപിക്കാനായില്ല. ദീർഘദൂര, പാസഞ്ചർ ട്രെയിനുകൾ അടക്കം അന്പതിലേറെ സർവീസുകൾ ഇന്നലെയും റെയിൽവേ റദ്ദാക്കിയതോടെ എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിൽനിന്നു മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ തുടർച്ചയായ മൂന്നാം ദിവസവും പെരുവഴിയിലായി. പെരുന്നാൾ അവധിക്കായി നേരത്തെ യാത്ര ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്കു പോലും ലക്ഷ്യ സ്ഥാനങ്ങളിലെത്താനായില്ല.
കെഎസ്ആർടിസി 35ഓളം അധിക സർവീസുകളാണ് കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് ഇന്നലെ നടത്തിയത്. എന്നാൽ, മാനന്തവാടി, ബത്തേരി, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്നലെയും നടന്നില്ല.