ചാലക്കുടി: കെഎസ്ആർടിസി ബസിലെ ഡീസൽ തീർന്നതിനെതുടർന്ന് ബസിൽനിന്നിറക്കിവിട്ട യാത്രക്കാർ പെരുവഴിയിലായി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഇന്നലെ പുലർച്ചെ 5.30നു പുറപ്പെട്ട തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പെരുന്പാവൂരിലെത്തിയപ്പോൾ ബസിലെ ഡീസൽ തീർന്നു.
പെരുന്പാവൂർ സ്റ്റാൻഡിൽനിന്നും ഡീസലടിക്കാൻ ശ്രമിച്ചെങ്കിലും ഡീസൽ കിട്ടിയില്ല. ഇതോടെ യാത്രക്കാരെയെല്ലാം ബസിൽനിന്നും ഇറക്കിവിട്ടു. പിന്നീട് അരമണിക്കൂറിന് ശേഷം അതുവഴി വന്ന മറ്റൊരു തിരുവനന്തപുരം ബസിൽ യാത്രക്കാരെ കയറ്റിവിട്ടെങ്കിലുംകോട്ടയത്തെത്തിയപ്പോൾ ഈ യാത്രക്കാരെയെല്ലാം അവിടെ വീണ്ടും ഇറക്കിവിട്ടു.
സൂപ്പർഫാസ്റ്റ് ബസാണിതെന്നും ഇതിൽ കോട്ടയം വരെ മാത്രമേ കൊണ്ടുപോകുവെന്നും പറഞ്ഞാണ് ഫാസ്റ്റ് പാസഞ്ചർ ബസിൽനിന്നും കയറിയ യാത്രക്കാരെ ആ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇതിനുശേഷം പല ബസുകളിലായി മണിക്കൂറുകൾ വൈകിയാണ് യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
തിങ്കളാഴ്ച ദിവസങ്ങളിൽ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ളിടത്തേക്കു ജോലിക്കുപോകുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തങ്ങൾക്കു നേരിട്ട യാത്രാദുരിതം സംബന്ധിച്ച് കെഎസ്ആർടിസി അധികൃതർക്കു യാത്രക്കാർ പരാതി നല്കി.