ചാത്തന്നൂർ: കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ ഇടപാട് നടപ്പാക്കുന്നു. ആദ്യം ദക്ഷിണമേഖലയിൽ ഉൾപ്പെട്ട കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിലെ ബസുകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് പരിശീലനം നല്കുകയും പുതിയ ഡിജിറ്റൽ ടിക്കറ്റ് മെഷീൻ ഡിപ്പോകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽതന്നെ ദക്ഷിണമേഖലയിലെ ബസുകളിൽ ഡിജിറ്റൽ ഇടപാട് നടപ്പാകും. മധ്യമേഖലയിലും ഉത്തരമേഖലയിലും ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. അതോടെ ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസിൽ ധൈര്യമായി കറയാം.
ഗൂഗിൾപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും.ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഒരു ടിക്കറ്റിന് നികുതി ഉൾപ്പടെ 16.16 പൈസ ചലോ കമ്പനിക്ക് വാടക നൽകണം. ടിക്കറ്റ് മെഷീനുകൾ, ഓൺലൈൻ, ഡിജിറ്റൽ പണമിടപാട് ഗേറ്റ്വേ സെർവറുകൾ, ഇന്റർനെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകൾ, ബസുകളിലെ ജിപിഎസ് സംവിധാനം, കൺട്രോൾ റൂമുകൾ എന്നിവയെല്ലാം കമ്പനി നൽകണം. മെഷീനുകളുടെയും ഓൺലൈൻ സംവിധാനത്തിന്റെയും പരിപാലനവും കരാർ കമ്പനിയുടെ ചുമതലയാണ്.
വർഷം 10.95 കോടി രൂപ പ്രതിഫലം നൽകേണ്ടിവരും. ഇതിന്റെ പകുതി വിലയ്ക്ക് സ്വന്തമായി ടിക്കറ്റ് മെഷീനുകൾ വാങ്ങാൻ കഴിയുമെങ്കിലും ഓൺലൈൻ സംവിധാനവും സാങ്കേതിക സഹായവും കണക്കിലെടുക്കുമ്പോൾ വാടക ഇടപാട് ലാഭകരമാണെന്നാണ് കെഎസ് ആർടിസി മാനേജ്മെന്റിന്റെ നിഗമനം. കെ റെയിലിന്റെ സഹകരണത്തോടെ നടത്തിയ ആഗോള ടെണ്ടറിലാണ് കമ്പനിയെ തെരഞ്ഞെടുത്തത്.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ ഉപയോഗിച്ചും പുതിയ മെഷീനുകളിൽ പണമിടപാട് സാധ്യമാണ്. ബസിൽ വിതരണം ചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങൾ അപ്പപ്പോൾ ഓൺലൈനിൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസർവേഷനില്ലാത്ത ബസുകളിൽ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്ത് നിന്ന് എത്ര ടിക്കറ്റുകൾ നൽകുന്നുവെന്നും കൺട്രോൾ റൂമിൽ അറിയാനാകും.
തിരക്കുള്ളതും കുറഞ്ഞതുമായ പാതകൾ കണ്ടെത്തി ബസുകൾ വിന്യസിക്കാനാകും. ചലോ മൊബൈൽ ആപ്പിൽ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാർക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോൾ എത്തുമെന്ന വിവരം മൊബൈൽ ഫോണിൽ ലഭിക്കും. ബസിൽ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാകും.
കെ സ്വിഫ്റ്റിന്റെ ചില ദീർഘദൂര സർവീസുകളിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. അതിന്റെ കൂടി അനുഭവത്തിലാണ് കെഎസ്ആർടിസിയും പുതിയ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് മാറുന്നത്.
- പ്രദീപ് ചാത്തന്നൂർ