ഇരിങ്ങാലക്കുട: ഡ്രൈവർമാരുടെ അഭാവംമൂലം ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ് ഡിപ്പോ പ്രതിസന്ധിയിലേക്ക്. ഡ്രൈവർമാരില്ലാത്തതിനാൽ ഇവിടെനിന്നുള്ള പല സർവീസുകളും ഒഴിവാക്കുകയാണ്. ഒരു ബസിന് കേടുപാടു സംഭവിച്ചാൽ പകരം ബസില്ലാതെ ആ ട്രിപ്പുതന്നെ മുടക്കേണ്ട അവസ്ഥിയിലാണെന്ന് ജീവനക്കാർ പറഞ്ഞു. ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ബസുകൾ മറ്റു ഡിപ്പോകൾക്ക് നൽകിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്.
രണ്ടുവീതം ബസുകളാണ് മണ്ണാർക്കാട്, വടക്കഞ്ചേരി, ചാലക്കുടി എന്നി ഡിപ്പോകളിലേക്ക് നൽകിയത്. രണ്ടു ബസുകൾ പന്പയ്ക്ക് സ്പെഷ്യൽ സർവീസിനായി കൊണ്ടുപോയി. ഇതൊക്കെ ഇരിങ്ങാലക്കുട കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണു പറയുന്നത്. എന്നാൽ ഡ്രൈവർമാരില്ലാത്തതാണു ഇരിങ്ങാലക്കുട സബ് ഡിപ്പോ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബസുകൾ അധികമുണ്ടായിരുന്നെങ്കിലും അതു ഓടിക്കാനുള്ള ജീവനക്കാരില്ല. ആവശ്യത്തിനു ജീവനക്കാരെ ലഭിക്കുകയാണെങ്കിൽ വെട്ടിച്ചുരുക്കാതെ സർവീസുകൾ നടത്താൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇരിങ്ങാലക്കുടയിൽതന്നെ 11 ഡ്രൈവർമാരുടെ കുറവുണ്ട്. ഇതിൽ എട്ടുപേരെയെങ്കിലും ലഭിച്ചാൽ സർവീസുകൾ സുഗമമായി നടത്താം. ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ് ഡിപ്പോ നഗരത്തിൽനിന്ന് അല്പം മാറിയതിനാൽ പുലർച്ചെ ഡ്യൂട്ടിക്കു കയറേണ്ട കയറേണ്ട ഡ്രൈവർമാർക്ക് തലേദിവസംതന്നെ ഡിപ്പോയിൽ വന്നുകിടക്കേണ്ട അവസ്ഥയാണ്.
ഇതുമൂലം പല ഡ്രൈവർമാരും ഇരിങ്ങാലക്കുടയിലേക്ക് വരാൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലാതായി. ഡ്യൂട്ടി പരിഷ്കരണവും സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാത്തതുമെല്ലാം ദിവസക്കൂലിക്കാരെ അസംതൃപ്തരാക്കിയതാണ് തിരിച്ചടിയായത്. ഇപ്പോൾ നാമമാത്രമായ താത്കാലിക ഡ്രൈവർമാർ മാത്രമാണ് ഡിപ്പോയിലുള്ളത്.
മൂന്നു ഡിപ്പോകളിൽനിന്നായി 12 കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നെണ്ണമാണ് സർവീസ് നടത്തുന്നത്. ഇതു കളക്ഷനെയും ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഡിപ്പോകളിൽ ഒന്നാണു ഇരിങ്ങാലക്കുട.എന്നിട്ടും സർവീസ് വെട്ടിച്ചുരുക്കുന്നത് ആശാസ്യമല്ലെന്ന് യാത്രക്കാർ പറയുന്നു.