പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ഒരു ജില്ലയിൽ ഒരു ഡിപ്പോ മാത്രം മതിയെന്ന പദ്ധതിയുമായി കെഎസ്ആർടിസി. ബസുകൾ ജില്ലാ കോമൺ പൂളിൽ (ഡിസിപി) യിൽനിന്നും അനുവദിക്കും.
ഡിപ്പോകളിലെ നിലവിലുള്ള അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ, കൺട്രോളിംഗ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് വർക്സ് മാനേജർ , വെഹിക്കിൾ സൂപ്പർവൈസർ , സ്റ്റേഷൻ മാസ്റ്റർ എന്നീ തസ്തികകൾ ഇല്ലാതെയാകും. ജില്ലയിൽ ഒരു ട്രാൻസ്പോർട്ട് ഓഫീസർ മാത്രം.
ഡിസിപിയിൽനിന്ന് എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഡിസിപിയിൽനിന്ന് വണ്ടിയും കാർഡും വാങ്ങി സർവീസ് നടത്താനാണ് പദ്ധതി. ആവശ്യം വേണ്ട മെക്കാനിക്കൽ ജോലികൾ ഡിപ്പോയിൽ ഉണ്ടാകും .
അവിടെ ഉള്ള ബാക്കി ജോലികൾ ഡിസിപിയിൽ നടത്തും. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെയും എണ്ണം കുറയ്ക്കും. എസ്ബിഐ പോലുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളിൽ 20000 വരെ അക്കൗണ്ട് കൈകാര്യം ചെയ്യാൻ 20 പേർ മാത്രം ഉള്ളൂ എന്നാണ് ഇതിന് കാരണമായി പറയുന്നത്.
45 വയസിനു മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരെ വിആർഎസ് നൽകി വിരമിക്കാനും പ്രേരിപ്പിക്കും. ഇതു മൂലം കോടിക്കണക്കിനു രൂപ ലാഭമായി കാണുന്നു.
ഡിസിപിയിൽ ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ എത്തി ബസ് സ്വീകരിച്ച് ഓടുന്ന സംവിധാനം ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടാകും. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർമാരെ ആദ്യഘട്ടത്തിൽ മാറ്റിയിരുന്നു.
ഇൻസ്പെക്ടർമാർ 500 നു മുകളിൽ ഉണ്ടായിട്ടും വരുമാന വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിൽ ഇവരുടെ നിയമനത്തിലും കാര്യമായ ഇടപെടൽ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.