ഒറ്റപ്പാലം: ഒറ്റപ്പാലത്തും പട്ടാന്പിയിലും സ്ഥലം ലഭ്യമായാൽ ഡിപ്പോ അനുവദിക്കുമെന്ന് കഐസ്ആർടിസി അധികൃതർ. സേവനകേന്ദ്രമോ ഡിപ്പോയോ തുടങ്ങാൻ സ്ഥലസൗകര്യം അത്യാവശ്യമാണ്. ഈ നഗരസഭകൾ ഇതിനു നടപടിയെടുത്താൽ പദ്ധതി അനുവദിക്കുമെന്നു അധികൃതർ വ്യക്തമാക്കി.ഒറ്റപ്പാലം നഗരസഭാ പുതിയ ബസ് സ്റ്റാൻഡിനോടു ചേർന്ന് ഇനിയും സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്.
ഇതു കഐസ്ആർടിസി സ്റ്റാൻഡ് നിർമാണത്തിനു വിട്ടുകൊടുക്കാൻ അധികൃതർ നടപടിയെടുത്താൽ ഒറ്റപ്പാലം നഗരത്തിനും മുതൽക്കൂട്ടാകും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി റെയിൽവേ സ്റ്റേഷനുകളിലേക്ക് പെരിന്തൽമണ്ണ, മണ്ണാർക്കാട് ഡിപ്പോകളിൽനിന്നും സർവീസുകൾ തുടങ്ങുന്നതിനായി നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം മുന്പ് പട്ടാന്പി, ഷൊർണൂർ എന്നീ നഗരങ്ങളിൽ ഉണ്ടായിരുന്ന സേവനകേന്ദ്രങ്ങൾ നിർത്തലാക്കിയ അവഗണനയാണ് കാലങ്ങളായി ആവർത്തിക്കുന്നത്. ഇതില്ലാതായതോടെ ഒറ്റപ്പാലത്തിനും കൂടി സേവനകേന്ദ്രം ലഭിക്കാതെ പോകുകയായിരുന്നു.കഐസ്ആർടിസി ബസ് സർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്ന സാഹചര്യവുമുണ്ട്.
പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന സർവീസുകളാണ് പടിപടിയായി കഐസ്ആർടിസി വെട്ടിക്കുറച്ചത്. ലാഭകരമായി ഓടിക്കൊണ്ടിരുന്ന സർവീസുകളാണ് ഇത്തരത്തിൽ വെട്ടിക്കുറച്ചത്.ചെർപ്പുളശേരി-എറണാകുളം സർവീസും പെരിന്തൽമണ്ണയിൽനിന്നും ചെർപ്പുളശേരി വഴി തൃശൂരിലേക്കുള്ള രണ്ട് ഓർഡിനറി സർവീസുകളും ഇത്തരത്തിൽ നിർത്തലാക്കി.
ഷൊർണൂരിൽനിന്നും പെരിന്തൽമണ്ണ, മണ്ണാർക്കാട് മേഖലയിലേക്കുള്ള എളുപ്പവഴി ചെർപ്പുളശേരി വഴിയാണ്. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാന്പി റെയിൽവേ സ്റ്റേഷനുകളിലേക്കും കഐസ്ആർടിസി ബസുകളില്ല. രാത്രി എട്ടുവരെ സ്വകാര്യബസുകൾ മാത്രമാണ് ആശ്രയം.
ട്രെയിനുകളുടെ സമയക്രമം അനുസരിച്ച് റെയിൽവേ സ്റ്റേഷനുകളിലേക്കു രാത്രികാലത്ത് കഐസ്ആർടിസി സർവീസുകൾ ഇപ്പോഴില്ല. ഷൊർണൂർ-ഒറ്റപ്പാലം വഴി പാലക്കാട്ടേയ്ക്കും ഒറ്റപ്പാലം-ഷൊർണൂർവഴി തൃശൂരിലേക്കും കഐസ്ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങുന്നതിനും അധികൃതർക്ക് മുന്പ് ആലോചനയുണ്ടായിരുന്നു.പാലക്കാട്- ഗുരുവായൂർ റൂട്ടിലും കഐസ്ആർടിസി ബസുകൾ കുറവാണ്. ഉള്ളതുമുഴുവൻ വെട്ടിക്കുറയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.