ശാസ്താംകോട്ട: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ശാസ്താംകോട്ട കെഎസ്ആർടിസി ബസ് ഡിപ്പോ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഡിപ്പോ എന്ന നിലയിലാണ് കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ 2005 ൽഡിപ്പോ ആരംഭിച്ചത്.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു ചന്തയുടെ ഭാഗമായ ലക്ഷങ്ങൾ വിലമതിക്കുന്ന 50 സെന്റ് വസ്തു ഇതിന് വേണ്ടി വിട്ടു നൽകുകയും ശാസ്താംകോട്ടയിലെ വ്യാപാരി വ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമ്മിച്ചു നൽകുകയും ചെയ്തു.അന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്പാണ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്.ഏതാനും ദീർഘദൂര സർവീസുകൾ അടക്കം ഇവിടെ നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിപ്പോയുടെ പ്രവർത്തനവും മെല്ലെ നിലച്ചു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ഗാരേജ് ഇല്ലാതെ ഡിപ്പോ പ്രവർത്തനം നടത്താൻ സാധിക്കില്ലന്ന പുതിയ നിലപാടുമായി കെ എസ് ആർ ടി സി രംഗത്ത് വന്നു.
തുടർന്ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കുന്നത്തൂരിലെ മറ്റ് പഞ്ചായത്തുകളുടെ സഹായത്തോടെ സാമ്പത്തികം കണ്ടെത്തി ഗാരേജിന് സ്ഥലം വാങ്ങുകയും കോവൂർ കുഞ്ഞുമോൻ എംഎൽഎ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നൽകി കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു.
ഓഫീസ് വിപുലപ്പെടുത്തൽ, ബസ് ടെർമിനൽ നിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ഡിപ്പോയിൽ തന്നെ കോടികൾ ചെലവഴിച്ചെങ്കിലും ഡിപ്പോ പ്രവർത്തനം മാത്രം ആരംഭിച്ചില്ല.ശക്തമായ രാഷ്ട്രീയ സമ്മർദങ്ങൾ നടത്തിയിട്ടും കെ എസ് ആർ ടി സി യു ടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസമായി നിന്നത്. ഇനി സമീപകാലത്തൊന്നും ഇനി യാഥാർത്ഥ്യമാകാനും സാധ്യത ഇല്ല.
ഇതിനിടയിൽ പഞ്ചായത്ത് വിട്ട് നൽകിയ സ്ഥലം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് രംഗത്ത് വന്നിട്ടുണ്ട്. കെ എസ് ആർ ടി സി- സ്വകാര്യ ബസ് കൾ ഉൾപ്പെടുന്ന തരത്തിൽ ബസ് ഡിപ്പോ നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഇപ്പോൾ ശാസ്താംകോട്ടയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും താലൂക്ക് ആശുപത്രിയിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന്നും സമീപത്തെ കടകളിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള സ്ഥലമായി ഡിപ്പോ മാറിയിരിക്കുകയാണ്.ശാസ്താംകോട്ട ജംഗ്ഷനിലെ ഓട നിർമ്മാണത്തിൻ്റെ ഭാഗമായുള്ള നിർമ്മാണ അവശിഷ്ടങ്ങൾ ഡിപ്പോയിൽ തള്ളിയിരിക്കുന്നതാണ് അവസാനത്തെ കാഴ്ച.