ചാത്തന്നൂർ: കെഎസ്ആർടിസി രണ്ടു ദിവസത്തിനകം കുടിശിക തുക അടച്ചുതീർത്തില്ലെങ്കിൽ ഇന്ധന വിതരണം നിലയ്ക്കും. സർവീസ് നടത്തിപ്പ് ബുദ്ധിമുട്ടാകും.
25 നകം കുടിശിക തീർത്തില്ലെങ്കിൽ ഡീസൽ വിതരണം ചെയ്യില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ റേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 കോടി രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. കഴിഞ്ഞ മാസംവരെ ഐഒസിക്ക് കുടിശിക വരുത്താതെ മുന്നോട്ടു പോവുകയായിരുന്നു.
കെഎസ്ആർടിസിയുടെ സർവീസ് ബസുകൾക്കും പന്പുകൾക്കും ഇന്ധനം ലഭിക്കുന്നതിനായി മാസം105 മുതൽ 110 കോടി രൂപയുടെ വരെയാണ് ഇന്ധന വിതരണ കമ്പനിയായ ഐഒസി യ്ക്ക് നല്കേണ്ടത്.
ഐഒസിക്ക് കൊടുക്കേണ്ട തുക കൂടി ഉപയോഗിച്ചാണ് ഓണ മാസത്തിൽ ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം വിതരണം ചെയ്തത്.സർക്കാരിൽ നിന്ന് കെ എസ്ആർടിസിക്ക് ധനസഹായം അനുവദിക്കുന്ന മുറയ്ക്ക് ഐഒസിക്ക് പണം നല്കാം എന്നായിരുന്നു ധാരണ.
സംസ്ഥാന സർക്കാർ 50 കോടി അനുവദിക്കുകയും അതിൽ 30 കോടി കൈമാറുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന 20 കോടി അനുവദിക്കുമ്പോൾ ഐഒസി യ്ക്ക് കൈമാറാനായിരുന്നു പദ്ധതി. തിങ്കളാഴ്ച സർക്കാർ 20 കോടി അനുവദിച്ചു.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിലുടൻ തുക ഐഒസി ക്ക് കൈമാറുമെന്ന് കെ എസ് ആർ ടി സി യുടെ ധനകാര്യ വിഭാഗം മേധാവി പറഞ്ഞു.
ജീവനക്കാർക്ക് ഓണം അഡ്വാൻസ്, ഉത്സവ ബത്ത എന്നിവ അനുവദിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രദീപ് ചാത്തന്നൂർ