തിരുവനന്തപുരം: ഇന്ധനവില കുത്തനെ ഉയർന്നതു കെഎസ്ആർടിസിക്കും അധിക ബാധ്യതയാകുന്നു. ഇതുമൂലം 39 ലക്ഷത്തോളം രൂപയുടെ അധികബാധ്യതയാണ് പ്രതിദിനം കെഎസ്ആർടിസിക്കുണ്ടാക്കുന്നത്. ഇതു പ്രതിമാസം 12.2 കോടി രൂപയുടേയും പ്രതിവർഷം 146 കോടി രൂപയുടേയും അധികബാധ്യതയുണ്ടാകും.
ഇപ്പോഴത്തെ യാത്രാ നിരക്ക് നിലവിൽവന്നപ്പോൾ 64.78 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. 12 രൂപയിലധികമാണ് ഇപ്പോൾ ലിറ്ററിനു മേലുള്ള വർധന. എണ്ണ വിലയിലെ ഈ അധികബാധ്യത കണക്കിലെടുത്താണ് യാത്രക്കാർ വളരെ കുറവുള്ള റൂട്ടുകളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് നിർബന്ധിതമായിരിക്കുന്നത്.
അതേസമയം യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും യാത്രാക്ലേശം ശ്രദ്ധയിൽപ്പെടുന്നയിടങ്ങളിലും അധിക സർവീസുകൾ നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.ഇന്ധനകന്പനികൾക്കുള്ള കുടിശിക കുമിഞ്ഞു കൂടിയതോടെ ഓണക്കാലത്ത് ഇന്ധനവിഹിതം കന്പനികൾ വെട്ടിക്കുറച്ചിരുന്നു. തുടർന്ന് കെഎസ്ആർടിസി എംഡിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ധനവിതരണം പുനഃസ്ഥാപിച്ചത്.
നിലവിൽ കെഎസ്ആർടിസിയിൽ ഇന്ധനക്ഷാമമില്ല. എന്നാൽ ഷെഡ്യൂൾ പുനഃകമീകരണത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി കെഎസ്ആർടിസിയുടെ പ്രതിദിന സർവീസിൽ ഒരു ലക്ഷം കിലോമീറ്ററോളം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഡിപ്പോകൾക്കുള്ള ഇന്ധനവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പ്രതിസന്ധി പരിഹരിക്കാൻ 50 കോടി രൂപ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഈ തുക അനുവദിച്ചുകിട്ടാൻ പ്രയാസമാണ്. പ്രളയത്തെ തുടർന്ന് 30 കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസിക്കുണ്ടായതായാണ് വിലയിരുത്തൽ.
കോർപറേഷന്റെ ഒൻപതു ഡിപ്പോകൾ പൂർണമായും 15 ഡിപ്പോകൾ ഭാഗികമായും വെള്ളത്തിനടിയിലായി. കട്ടപ്പന ഡിപ്പോ ഉരുൾപൊട്ടലിൽ ഒലിച്ചു പോകുകയും ചെയ്തു. വെള്ളം കയറിയതുമൂലം മാത്രം 7.50 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
ബസ് സർവീസ് മുടങ്ങിയതു മൂലമുള്ള നഷ്ടം 14.27 കോടിയാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കെഎസ്ആർടിസിയുടെ വാഹനങ്ങൾ വിട്ടുനൽകിയ ഇനത്തിൽ 4.41 കോടിയുടെയും വർക് ഷോപ്പ് ഉപകരണങ്ങൾ, ഡീസൽ, സ്പെയർപാർട്സ് എന്നിവ നഷ്ടപ്പെട്ട ഇനത്തിൽ 3.88 കോടിയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ മൾട്ടി ഡ്യൂട്ടി സംന്പ്രദായം മാറി ഇന്നലെ സിംഗിൾ ഡ്യൂട്ടി സന്പ്രദായം നിലവിൽവന്നു. ഇതു പ്രകാരം ഒരു ജീവനക്കാരനെ ഒരു ദിവസം എട്ടു മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവദിക്കൂ. എട്ടു മണിക്കൂർ ഡ്യൂട്ടി ചെയ്തതിനുശേഷമുള്ള ഡ്യൂട്ടി മറ്റൊരു ജീവനക്കാരനെ ഉപയോഗിച്ചാകും പൂർത്തിയാക്കുക. കെഎസ്ആർടിസിയുടെ സമഗ്ര പുനരുദ്ധാരണത്തിനായി നിയോഗിച്ച പ്രഫ.സുശീൽ ഖന്നയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.