സിജോ പൈനാടത്ത്
കൊച്ചി: പൊതുജനങ്ങളുമായി നേരിട്ട് നിരന്തര സമ്പര്‍ക്കമുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു കോവിഡ് പരിശോധനയ്ക്കും വാക്സിനേഷനും സൗകര്യങ്ങളില്ല.
ചില മേഖലകളില്‍ ജീവനക്കാര്‍ക്കു ടെസ്റ്റിനും വാക്സിനേഷനും ക്രമീകരണമൊരുക്കിയപ്പോള് ഭൂരിഭാഗം ഡിപ്പോകളിലും വര്‍ക്ക് ഷോപ്പുകളിലും അതു പ്രഖ്യാപനത്തിലൊതുങ്ങിയെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു പ്രത്യേകം പരിശോധനയും വാക്സിനേഷന് ക്യാമ്പുകളും ഒരുക്കുമെന്നു നേരത്തെ പ്രഖ്യാപനമുണ്ടായെങ്കിലും പലയിടങ്ങളിലും ഇനിയും നടപ്പാക്കിയിട്ടില്ല.
ബസുകളില്‍ യാത്രക്കാരുമായി അടുത്തിടപെടേണ്ടിവരുന്ന തങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആശങ്കയിലാണെന്നു ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നു.
തൊഴിലാളികള്‍ സ്വന്തം നിലയില്‍ പരിശോധനയും വാക്സിനേഷനും നടത്തണമെന്നതാണു മാനേജ്മെന്റിന്റെ നിലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മെക്കാനിക്കല്‍ വിഭാഗത്തിലെ തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്തമല്ല. 230 ജീവനക്കാരുള്ള ആലുവയിലെ കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക് ഷോപ്പില്‍ ഇതുവരെ കോവിഡ് വാക്സിന് ആര്‍ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഇവിടെ ഏഴു തൊഴിലാളികള്‍ കോവിഡ് ചികിത്സയിലാണ്.
ചിലര്‍ ക്വാറന്റീനിലുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു യാത്ര ചെയ്തു വരുന്നവര്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന ഇവിടെ വാക്സിനേഷനു പൊതുവായി സൗകര്യമൊരുക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ചുള്ള ടയര്‍ ഷോപ്പില്‍ 12 തൊഴിലാളികള്‍ രാത്രിയിലും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
കെഎസ്ആര്‍ടിസി മാനേജ്മെന്റാണു വാക്സിനേഷനു സൗകര്യമൊരുക്കേണ്ടതെന്നാണു വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ പഞ്ചായത്ത് അധികൃതരുടെ നിലപാട്.
സംസ്ഥാനത്തെ മറ്റു ചില റീജണല്‍ വര്‍ക്ക് ഷോപ്പുകളില്‍ വാക്സിനേഷന് സൗകര്യമൊരുക്കിയപ്പോള്‍ ആലുവയിലുള്ള തൊഴിലാളികളോടു മാനേജ്മെന്റ് കടുത്ത അവഗണനയാണു പുലര്‍ത്തുന്നതെന്നു ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ. ഷാജി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാരും സാമൂഹ്യ അകലവും ഉറപ്പാക്കുമ്പോള്‍ സാമൂഹ്യസമ്പര്‍ക്കം നിര്‍ബന്ധമായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യം സര്‍ക്കാരും മാനേജ്മെന്റും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
റീജണല്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാര്‍ക്കു വാക്സിനേഷന് നടത്തണമെന്ന് ആവാശ്യപ്പെട്ടു ജില്ലാ ആശുപത്രി അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നു വര്‍ക്സ് മാനേജര്‍ ഐസക് മാത്യു പറഞ്ഞു.