ആനവണ്ടിയെന്നാല് തോന്നിയപോലെ ഓടി എന്നും നഷ്ടത്തിലോടുന്ന വെറും വണ്ടി മാത്രമല്ലെന്ന് രണ്ട് ജീവനക്കാര്‍ തെളിയിച്ചു. ഒടുവില്‍ അവര്‍ക്ക് ആദരവുമായി വകുപ്പ് മന്ത്രി തന്നെ എത്തുകയും ചെയ്തു. കെഎസ്ആര്‍ടിസിയിലെ രണ്ടു നല്ല ജീവനക്കാരുടെ ഹൃദയവിശാലത രക്ഷയായയത് നാലു വയസുള്ള കുട്ടിക്കും.
ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസില്‍, മൂവാറ്റുപുഴയില്‍ നിന്നും കയറിയ നാല് വയസുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍, ടാക്സി പിടിച്ച് ആശുപത്രിയില്‍ പോകുവാന്‍ മാര്‍ഗമില്ലെന്ന് മനസിലാക്കി, ഏവര്‍ക്കും മാതൃകയായി ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും അസാധാരണമായ മാതൃക പ്രവര്‍ത്തനം നടത്തിയ ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും ഗതാഗതമന്ത്രിയുടെ വക 25,000 രൂപ വീതം പാരിതോഷികം. തന്റെ മന്ത്രി പദവിയില്‍ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളം ഡ്രൈവറായ ബിനു അപ്പുക്കുട്ടനും, കണ്ടക്ടര്‍ കെ.വി. വിനോദിനും നല്കാന് തീരുമാനിച്ചതായി ഗതാഗതമന്ത്രി തോമസ് ചാണ്ടി തന്നെയാണ് വ്യക്തമാക്കിയത്.
ഇരുവരെയും മന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പാരിതോഷികം പ്രഖ്യാപിച്ചത് അറിയിക്കുകയും ചെയ്തു. ഇത് സമൂഹത്തിനാകെ മാതൃകയാകണം. ഓരോ കെഎസ്ആര്‍ടിസി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാന്‍ പ്രേരണയായി ഇത് മാറണം. ഗതാഗത വകുപ്പ് ജനങ്ങള്‍ക്കാകെ നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.