ബെന്നി ചിറയിൽ
ചങ്ങനാശേരി: കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്ത്. ദീർഘദൂര രാത്രികാല സൂപ്പർ ക്ലാസ് സർവീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള രണ്ട് ഡ്രൈവർമാരെ അയക്കുന്ന ഡിസി സംവിധാനം ഇന്ത്യയിലാകമാനം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവർഷം മുന്പാണ് കേരളത്തിൽ ഇത് നടപ്പിലാക്കിയത്.
പതിനാറും പതിനെട്ടും മണിക്കൂർ സമയം ഒരു ഡ്രൈവർ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്പോൾ അയാൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും യാത്രക്കാർക്ക് സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കെഎസ്ആർടിസി നടപ്പിലാക്കിയത്. ഇത് ദീർഘദൂര സർവീസുകളിലെ ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമായിരുന്നതിനൊപ്പം കോർപ്പറേഷന് വരുമാന ലാഭവും അപകടങ്ങൾ നിയന്ത്രിക്കുന്നതിനും സാധിച്ചിരുന്നു. മുൻ സിഎംഡിമാരുടെ കാലത്ത് ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സംവിധാനം പിന്നോട്ടടിക്കപ്പെട്ടതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
രാത്രികാലങ്ങളിൽ 11 മുതൽ 15 മണിക്കൂർവരെ തുടർച്ചയായി ഒരുവശത്തേക്കും ഇത്രയും മണിക്കൂർ തിരികെയും വിശ്രമമില്ലാതെ ഒരു ഡ്രൈവർ തന്നെ ബസ് ഓടേണ്ടിവരുക എന്നത് വലിയ ബുദ്ധിമുട്ടുകളും അപകടങ്ങളും വിളിച്ചു വരുത്തുന്നതിനിടയാക്കുമെന്നാണ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം-തിരുവനന്തപുരം ഡീലക്സ്, സുൽത്താൻബത്തേരി-തിരുവനന്തപുരം എക്സ്പ്രസ്, കൊട്ടാരക്കര-മൂകാംബിക, ആലപ്പുഴ-മൂകാംബിക സൂപ്പർ എക്സ്പ്രസ്, തിരുവനന്തപുരം-കണ്ണൂർ ഡീലക്സ് എന്നീ സർവീസുകളിൽ ഉണ്ടായിരുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പാടേ ഇല്ലാതാക്കുകയും സർവീസുകൾക്കായി ഓരോ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.
ഇത് ഈ സർവീസുകളുടെ സുരക്ഷിതമായ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. താമരശേരി- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കഴിഞ്ഞ ദിവസം പുലർച്ചെ ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടത് ഡിസി ഡ്രൈവർമാരില്ലാത്തതുമൂലമാണെന്നും കെഎസ്ആർടിസി യൂണിയൻ നേതാക്കൾ പറഞ്ഞു.
അതേസമയം ചങ്ങനാശേരി- പളനി, തിരുവല്ല-മധുര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശം ഉയരുന്നുണ്ട്. എന്നാൽ ഡ്രൈവർമാരുടെ കുറവുമൂലമാണ് ദീർഘദൂര സർവീസുകളിൽ ഒരു ഡ്രൈവറെ മാത്രം ഡ്യൂട്ടിക്കായി നിയോഗിക്കുന്നതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.