കോട്ടയം: രാത്രിയിൽ സ്റ്റോപ്പില്ലെന്നു പറഞ്ഞ് യാത്രക്കാരെ ഇറക്കിയില്ല. ചോദ്യം ചെയ്തപ്പോൾ യാത്രക്കാരെ വെല്ലുവിളിച്ച് റോഡിലിറങ്ങി ഡ്രൈവറുടെ വക ഷോ. ഏറ്റുമാനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവല്ലയ്ക്കു പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാത്രി 10 മണിക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ നിർത്താതിരുന്നതിനെ ചൊല്ലിയാണ് വാക്കുതർക്കം.
ബസ് ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോഴേക്കും രണ്ടു യാത്രക്കാർ ഇറങ്ങാനെത്തി. ഇതോടെ കണ്ടക്്ടർ ബെല്ലടിച്ചു എന്നിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. ഇതോടെ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരിൽ ഒരാൾ ബസ് നിർത്താൻ ആവശ്യപ്പെട്ടു. ഈ സമയം ക്ഷേത്രത്തിനു മുന്നിൽ നിന്നും കുറച്ചും മാറ്റി ബസ് നിർത്തിയ ഡ്രൈവർ ഇവിടെ സ്റ്റോപ്പില്ലെന്നു യാത്രക്കാരോടു പറഞ്ഞു.
ബസ് നിർത്തിയത് തങ്ങളെ ഇറക്കാനാണെന്നു കരുതി യാത്രക്കാർ ഡോറിനടുത്തെത്തിയപ്പോഴേക്കും ഡോർ തുറന്നു കൊടക്കാതെ വണ്ടി വിട്ടു. ഒടുവിൽ സ്റ്റാൻഡിനു മുന്നിൽ നിർത്തിയപ്പോൾ സ്റ്റോപ്പിൽ നിർത്താതിരുന്നതു ചോദ്യം ചെയ്തത് ചെറിയ തോതിൽ സംഘർഷത്തിനു വഴി തെളിച്ചു.
ഡ്രൈവർ യാത്രക്കാരെ മർദിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബസ് നിർത്തിയശേഷം റോഡിലേക്കു ഇറങ്ങിവന്നാണു ഡ്രൈവർ യാത്രക്കാരെ വെല്ലുവിളിച്ചത്. സംഘർഷമുണ്ടായതോടെ നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ബസ് ക്ഷേത്രത്തിനു മുന്നിലെ സ്റ്റോപ്പിൽ നിർത്താതിരുന്ന ഡ്രൈവർക്കെതിരെ ഗതാഗതമന്ത്രിയ്ക്കും ഉന്നതാധികാരികൾക്കും പരാതി നല്കാനുള്ള തയാറെടുപ്പിലാണു യാത്രക്കാർ.
രാത്രിയിൽ സ്റ്റോപ്പില്ലെങ്കിലും യാത്രക്കാർക്ക് പരമാവധി സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.