കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിലെ ഈ ഡ്രൈവർക്കും കണ്ടക്ടർക്കും കൊടുക്കാം ഒരു ലൈക്ക്. സാധാരണ സർക്കാർ ബസിലെ ജീവനക്കാരെക്കുറിച്ചു യാത്രക്കാർക്കു പരാതി മാത്രമേ ഉള്ളൂ. എന്നാൽ, ചൊവ്വാഴ്ച എറണാകുളം – മധുര റൂട്ടിൽ സർവീസ് നടത്തിയ ബസിലെ ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
സംഭവം ഇങ്ങനെ: സമയം ചൊവ്വാഴ്ച രാത്രി 11.30 ആയിട്ടുണ്ട്. എറണാകുളം- മധുര സൂപ്പർഫാസ്റ്റ് നിറയെ യാത്രക്കാരുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിന്റെ പടിക്കലെത്തി. വ്യാപാരി ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല.
പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു. എറണാകുളത്തുനിന്നു ബസിൽ കയറിയ യുവതിക്ക് ഈ സ്റ്റോപ്പിൽ ആയിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ബംഗളൂരു ക്രൈസ്റ്റ് കോളജിൽ എംഫിൽ ചെയ്യുന്ന കണ്ണൂർ സ്വദേശിനി എൽസീന ജോസഫ് ഗവേഷണത്തിന്റെ ആവശ്യത്തിനായിട്ടാണ് ചൊവ്വാഴ്ച എറണാകുളത്തെത്തിയത്.
ബുധനാഴ്ച രാവിലെ കുട്ടിക്കാനത്തെ സ്വകാര്യ സ്ഥാപനത്തിൽ പോകുന്നതിനായി രാത്രിയിൽ തന്നെ കുടുംബ സുഹൃത്തിന്റെ പൊടിമറ്റത്തെ വീട്ടിലേക്ക് വരികയായിരുന്നു. എന്നാൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനാൽ കൂട്ടിക്കൊണ്ടുപോകുന്നതിനായി എത്താൻ വൈകി. പെണ്കുട്ടി തനിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ കാര്യം തിരക്കിയതോടെ കൂട്ടുവാൻ ആളെത്തിയിട്ടില്ലെന്ന് അറിഞ്ഞു.
ഒരു പെൺകുട്ടിയെ പെരുവഴിയിൽ ഇറക്കി കടന്നുപോകാൻ ബസിലെ കണ്ടക്ടറായ ആലുവ സ്വദേശി പി. ഷാജുദീനും ഡ്രൈവർ കുമ്പളങ്ങി സ്വദേശി ഡെന്നീസ് സേവ്യറിനും മനസു വന്നില്ല. തുടർന്ന് യുവതിയെ കാറിലെത്തി കുടുംബ സുഹൃത്ത് കൂട്ടിയ ശേഷമാണ് ബസ് പൊടിമറ്റത്ത് നിന്ന് യാത്രയായത്. വീട്ടുകാർ എത്തുന്നതു വരെ 20 മിനിറ്റോളം അവർ ആ പെൺകുട്ടിക്കു കാവൽ തീർത്തു.
ഇതിനിടെ പെൺകുട്ടി ബസ് സ്റ്റോപ്പിൽ വീട്ടുകാരെ കാത്തു നിൽക്കുന്ന ചിത്രം യാത്രക്കാരിൽ ഒരാൾ പകർത്തി. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കണ്ണൂർ അറയ്ക്കൽ ജോസഫ്-ഏലിയാമ്മ ദന്പതികളുടെ മകളാണ് എൽസീന.