അടിമാലി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് ഡൈവർക്ക് യുവാക്കളുടെ മർദനം. ആറാം മൈൽ പുതുക്കേരിൽ പി.എസ്. പ്രദീപ് (38) നെ പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ യുവാക്കളുടെ അഞ്ചംഗ സംഘത്തെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. മയ്യനാട് തട്ടാമല സ്വദേശികളായ ഐഷാ മാൻസിൽ റഹ്മത്തുള്ള(22), ഉഷസ് വീട്ടിൽ തോമസ് ജഫ്രി (23), മുളവന തണൽ വീട്ടിൽ വിനീത് (20), കുരീപ്പുഴ ജോണ് വില്ല ഫെബി (24), കുരീപ്പുഴ കുഴിക്കാട്ടിൽ സുധീഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.10-നാണ് സംഭവം. മൂന്നാറിൽനിന്ന് അടിമാലിക്കു വരികയായിരുന്ന ബസ് അടിമാലിക്കുസമീപം എട്ടുമുറി ഭാഗത്ത് മൂന്നു ബൈക്കുകളിലായി എത്തിയവർ ഇടത്, വലത് ഭാഗത്തുകൂടി ബസിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും ഒരു ബൈക്കിന് മറികടക്കാൻ കഴിയാതെവന്നു.
ഇതിൽ ക്ഷുഭിതരായ ബൈക്ക് യാത്രികർ അടിമാലി ടൗണിൽ ബസ് നിർത്തിയപ്പോൾ ബൈക്കുമായി ബസ് തടയുകയും ഡ്രൈവറെ അസഭ്യംപറഞ്ഞ് റോഡിലേക്കു വലിച്ചുചാടിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് യുവാക്കളെ പിടികൂടി പോലീസിൽ ഏൽപിച്ചത്. കെ എസ്ആർടിസി ബസിനെ മറികടക്കാൻ അവസരം നൽകിയില്ലെന്ന പേരിൽ മർദിക്കുന്നത് കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണ്.