പേരാമ്പ്ര: തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്റെ മരണം പ്രതിഷേധത്തിനിടയാക്കി. കെഎസ്ആര്‍ടിസി ഡ്രൈവറായ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് സ്വദേശി നോമ്പ്രയില്‍ എന്‍ .കെ. മുരളി (45)യുടെ മരണമാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിനിടയാക്കിയത്. വൃക്കരോഗിയായ മുരളിയെ അദര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയതാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വൃക്കരോഗത്തെ തുടര്‍ന്ന് ഡ്രൈവര്‍ ജോലി ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇദ്ദേഹത്തെ അദര്‍ ഡ്യൂട്ടിയില്‍ ഉടുത്തി സ്റ്റോറിലും പന്പിലുമായി നിയമിക്കുകയായിരുന്നു. ഇതിനിടെ പുതിയ എംഡിയുടെ അദര്‍ ഡ്യൂട്ടി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നത്. ഇതിനെ തുടര്‍ന്ന് വീണ്ടും ഡ്രൈവര്‍ ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആരോഗ്യം മോശമാകാനിടയായി.
തുടര്‍ന്നാണ് മരണം. 2007ലാണു മുരളി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ജോലിക്ക് കയറിയത്. 2011 ല്‍ രണ്ടു വൃക്കയും തകരാറിലായി. അനാരോഗ്യം വെല്ലുവിളി ഉയര്‍ത്തിയതോടെ ജീവിതം പ്രതിസന്ധിയിലായി. ഈയവസരത്തില്‍ സഹോദര പുത്രന് വൃക്ക ദാനം ചെയതത് മുരളിക്കു പുതു ജീവന് നല്‍കിയെങ്കിലും പ്രമേഹം ബാധിച്ചത് വീണ്ടും ആരോഗ്യ പ്രശ്നമുണ്ടാവുകായായിരുന്നു. 2012 മുതല്‍ ഡ്രൈവര്‍ പണിമാറ്റി മുരളിക്ക് അദര്‍ ഡ്യൂട്ടി നല്കി.
എംഡിയുടെ ഉത്തരവ് പ്രകാരം വീണ്ടും ഡ്രൈവര്‍ ജോലിയിലേക്ക് കയറാന്‍ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല. ഡയാലിസിസിലൂടെയാണു ഇദ്ദേഹം ജീവന് നില നിര്‍ത്തിയിരുന്നത്. രണ്ട് മാസമായി ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് രണ്ടു പെണ്‍കുട്ടികളുടെ പിതാവായ മുരളി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്.
അന്ത്യോപചാരത്തിനായി മുതുകാട്ടിലെത്തിയ തൊട്ടില്‍പ്പാലം എടിഒയെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.