വടക്കഞ്ചേരി: റോഡിലെ കയറ്റം കയറുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്. ആർ .ടി.സി.ബസ് പുറകോട്ട് നീങ്ങി പാതയോരത്തെ മരത്തിൽ ഇടിച്ച് നിന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സീറ്റിൽ തളർന്ന് വീണ ഡ്രൈവർ നെന്മാറ സ്വദ്ദേശി രാജപ്പ (49)നെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലേകാലിന് വടക്കഞ്ചേരിയിൽ നിന്നും മലമേഖലയായ പാലക്കുഴിക്ക് പോയ കെ.എസ്.ആർ.ടി.സി.വടക്കഞ്ചേരി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.കണിച്ചിരുതയിൽ നിന്നും തിരിഞ്ഞ് പാത്രകണ്ടം വഴിക്ക് മുന്പേയുള്ള കയറ്റം കയറി കൊണ്ടിരിക്കെയായിരുന്നു ഡ്രൈവർക്ക് പെട്ടെന്ന്തളർച്ച അനുഭവപ്പെടുകയും ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ബസ് പുറകോട്ട് പോയി ആദ്യം പതിനൊന്ന് കെ.വി.വൈദ്യുതി പോസ്റ്റിലും അവിടെ നിന്നും സൈഡിലേക്ക് പോയി രണ്ടു് മരത്തിലുമായാണ് ഇടിച്ച് നിന്നത്.ബസിന്റെ പകുതിയോളം ഭാഗം താഴേക്ക് ചെരിഞ്ഞെങ്കിലും മറിയാതെ നിന്നതുമൂലം വൻ ദുരന്തം ഒഴിവായി. ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.