കോട്ടയം: കെഎസ്ആർടിസി ബസിൽ തലകറങ്ങിവീണ യുവതിക്ക് രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. ഇന്നലെ ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.
മുത്തോലി കഴിഞ്ഞപ്പോഴായിരുന്നു ബസിൽനിന്ന് നിലവിളി ഉയർന്നത്. ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലായില്ല. തുടർന്ന് യുവതി തലകറങ്ങിവീണ വിവരം യാത്രക്കാർ കണ്ടക്ടറെ അറിയിച്ചു.
സംഭവം അറിഞ്ഞ ഡ്രൈവർ പിന്നെ ഒന്നും ചിന്തിച്ചില്ല, ബസിന്റെ ഹെഡ്ലൈറ്റിട്ട് ഹോണ്‍ മുഴക്കി ആശുപത്രിയിലേക്ക് പാഞ്ഞു. മിനിറ്റുകൾക്കകം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിൽ യുവതിയെ എത്തിച്ചു. കുമരകം സ്വദേശിനിയായ യുവതിയാണ് തലകറങ്ങിവീണത്.
ഡ്രൈവർ വെള്ളികുളം സ്വദേശി സണ്ണി ജോസഫും കണ്ടക്ടർ മേലുകാവ് സ്വദേശി റോയിമോൻ ചാൾസുമായിരുന്നു യാത്രക്കാരിയെ വേഗം ആശുപത്രിയിൽ എത്തിച്ചത്.