കോഴിക്കോട്: ശന്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരേ പോലീസ് കേസ്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ സുരേഷ് ചാലിപുരയിലിനെതിരേയാണു കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയിൽ കേസെടുത്തത്. വാഹനം തടഞ്ഞ് ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.
ബുധനാഴ്ച കെഎസ്ആര്‍ടിസിയുടെ പണം കൊണ്ടുപോയ വാഹനം പ്രതിഷേധസൂചകമായി 15 മിനിറ്റ് സുരേഷ് തടഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടെ ഡിപ്പോ കളക്ഷൻ അടയ്ക്കാനായി പുറപ്പെട്ട ജീപ്പ് കോഴിക്കോട് ടെർമിനലിലായിരുന്നു സുരേഷ് തടഞ്ഞത്. കൊടിയുമായി മുദ്രാവാക്യം മുഴക്കി ജീപ്പിന് മുന്നിൽനിന്ന് പ്രതിഷേധിച്ച സുരേഷ് മുദ്രാവാക്യവും മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ കെഎസ്ആര്‍ടിസി വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്. കൊണ്ടോട്ടി സ്വദേശിയായ സുരേഷ് 10 വർഷമായി കഐസ്ആർടിസിയിൽ ഡ്രൈവറാണ്. മൂന്ന് വർഷമായി കോഴിക്കോട് ഡിപ്പോയിലാണ് പ്രവർത്തിക്കുന്നത്.