തിരുവനന്തപുരം: ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞുവിടണം. മേയർ ആര്യാ രാജേന്ദ്രനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് യദു കത്തു നൽകി.
ജോലിയില്ലാത്തതിനാൽ താനും മകനും ആത്മഹത്യയുടെ വക്കിലാണെന്നും കത്തിൽ പറയുന്നു. മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആര്യ രാജേന്ദ്രന് നല്കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെതിരായ നടപടി.
ഏപ്രിലിൽ തിരുവനന്തപുരം പാളയത്ത് വച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്.