ചാത്തന്നൂർ: കെഎസ്ആർടിസി 24 – ന് ഡ്രൈവേഴ്സ് ദിനം ആഘോഷിക്കും. റോഡ് സുരക്ഷ സംരംഭങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓൾ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് യൂണിയൻ കഴിഞ്ഞദിവസം ഇറക്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി റോഡ് സുരക്ഷാ ദിനാഘോഷം നടത്തുന്നത്. ദിനാഘോഷത്തിന്റെ ഭാഗമായി ഓരോ യൂണിറ്റുകളിലും മികച്ച മൂന്ന് ഡ്രൈവർമാരെ തെരഞ്ഞെടുത്ത് അനുമോദിക്കും.
ഓരോ ലിറ്റർ ഡീസലിനും പരമാവധി കിലോമീറ്റർ നേടിയവർ ( കെ എം പി എൽ) ഓരോ കിലോമീറ്ററിനും പരമാവധി വരുമാനം (ഇ പി കെ എം) ഇപി എൽ, ഇപി ബി തുടങ്ങിയ മാനദണ്ഡങ്ങളാണ് പ്രധാനമായും മികച്ച ഡ്രൈവർമാർക്ക് വേണ്ടത്.
കൂടാതെ സർവീസ് കാലയളവിലെ അപകടരഹിത ഡ്രൈവിംഗ്, അച്ചടക്ക നടപടി നേരിടാത്തവർ, യാത്രക്കാരിൽ നിന്നും യാതൊരു പരാതിയും ഉണ്ടായിട്ടില്ലാത്തവർ, പ്രതിമാസം കുറഞ്ഞത് 24 ഡ്യൂട്ടിയെങ്കിലും ചെയ്തിട്ടുള്ളവർ ഇവയും മികച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കും.
ജില്ലാ ഓഫീസറുടെ മേൽനോട്ടത്തിൽ ഓരോ യൂണിറ്റുകളിലും ഇതിന് വേണ്ടി ഒരു കമ്മിറ്റി രുപീകരിക്കും. യൂണിറ്റ് ഓഫീസർ, സൂപ്രണ്ട് , ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ , ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ , ഡിപ്പോ എഞ്ചിനീയർ എന്നിവരാണ് കമ്മിറ്റിയിൽ ഉണ്ടായിരിക്കേണ്ടത്.
യാത്രക്കാരുടെ കൂട്ടായ്മകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവകളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ നിർദ്ദേശങ്ങളും പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്.
24 – ന് മികച്ച രീതിയിൽ ആഘോഷ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കാനും തിരഞ്ഞെടുക്കപ്പെടുന്നഡ്രൈവർമാർക്ക് മികച്ച രീതിയിലുള്ള ആദരവ് നല്കാനുമാണ് സിഎംഡിയുടെ ഉത്തരവ്.
പ്രദീപ് ചാത്തന്നൂർ