ചാത്തന്നൂർ: കെഎസ്ആർടിസി ആദ്യഘട്ടത്തിൽ തുടങ്ങുന്നത് ആറ് ഡ്രൈവിംഗ് സ്കൂളുകൾ. ഫീസ് നിശ്ചയിച്ചു. സംസ്ഥാനത്താകെ 22 ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടി സിയുടെ പദ്ധതി. തിരുവനന്തപുരത്ത് ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിംഗ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഹെവി ലൈസൻസ് എടുക്കാൻ 9,000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോർ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലർ ലൈസൻസിന് 3,500 രൂപയാണ് ഫീസ്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക് രണ്ടിനുംകൂടി 11,000 രൂപ മതി.
മികച്ച ഡ്രൈവിങ് പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന് അധികൃതർ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെഎസ്ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്തമാക്കിയശേഷമാകും ടെസ്റ്റിന് വിടുക.
സ്വകാര്യസ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പല ജില്ലകളിലും ഹെവി ലൈസൻസ് എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽഎംവിക്ക് 11,000–-15,000 രൂപയും ടുവീലറിന് 6,000–- 8,000 രൂപയും ഈടാക്കുന്നുണ്ട് എന്നും കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു.
പ്രദീപ് ചാത്തന്നൂർ