പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ഒറ്റ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസി നടപ്പാക്കിയാൽ നിരത്തുകളിൽ നിന്നും ബസ് ഒഴിയുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുമെന്ന് ജീവനക്കാർ.
രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാണ് യാത്രക്കാരുള്ളത്. ഈ സമയത്താണ് ബസ് സർവീസുകളുടെ ആവശ്യവും.
സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ നാല് മണിക്കൂർ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
16 മണിക്കൂർവരെ യാത്രക്കാർ നിരത്തിലുണ്ടാകുമ്പോൾ നാല് മണിക്കൂർ വിശ്രമം ഉൾപ്പെടെ 12 മണിക്കൂർ ഡ്യൂട്ടി കഴിയും. ഏഴ് മണിക്കൂർ മാത്രമാണ് സ്റ്റിയറിംഗ്ഡ്യൂട്ടി ചെയ്യുക.
ഈ സമയം മാത്രമേ ബസുകൾ നിരത്തിലുണ്ടാവുകയുള്ളു. അവസാനത്തെ നാല് മണിക്കൂറിനായി ഡ്യൂട്ടി തയാറാക്കാനും കഴിയില്ല.
ഫലത്തിൽ ദിവസത്തിൽ എട്ട് മണിക്കൂർ നിരത്തിൽ ബസുകളുണ്ടാവില്ല എന്ന സ്ഥിതി സംജാതമാകും.നിലവിൽ മുവായിരത്തോളം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തുന്നത്.
അതിൽ 2500 ഓളം ഓർഡിനറി സർവീസുകൾ ആണ്. ഈ 2500 ഓർഡിനറി സർവീസുകളിൽ 12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയാൽ 7 മണിക്കൂർ മാത്രമാണ് പരമാവധി ബസുകൾ സർവീസ് നിരത്തിൽ ഉണ്ടാവുക.
ഓർഡിനറി സർവീസുകളുടെ ആവശ്യകതയും വരുമാനവും രാവിലെ 5 മുതൽ രാത്രി 8 അല്ലെങ്കിൽ 9 വരെയാണ്. അതായത് 15-16 മണിക്കൂർ മാത്രം.
അധികംബസ് ഇല്ലാത്ത അവസ്ഥയിൽ ഉള്ള ബസുകൾ പരമാവധി ഉപയോഗിക്കുക എന്നതിന് പകരം സർവീസുകൾ കുറയുകയാണ് ഫലത്തിൽ ഉണ്ടാവുക.
കേരളത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക വഴി കെഎസ്ആർടിസി ബസുകൾ നിരത്തിൽ നിന്ന് ഒഴിയുകയാണ് എന്നാണ് അർത്ഥമാക്കേണ്ടതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തിന് മുമ്പ് 6000 ബസുകൾ സർവീസ് നടത്തി നേടി കൊണ്ടിരുന്ന വരുമാനമാണ് ഇപ്പോൾ 3000 ബസുകൾ ഓടിനേടുന്നത്.
അപ്രായോഗികമായ പരിഷ്കാരം നടപ്പാക്കി വരുമാന നഷ്ടമുണ്ടാക്കാനും കെഎസ്ആർടിസിയെ അപ്രസക്തമാക്കാനുമാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.