തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ തീരുമാനം.
കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമാണ് കെ.ബി.ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എംഎല്‍എ വി.കെ.പ്രശാന്തും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിവാദമായത്.
ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നുമാണ് മേയര്‍ ആര്യ വ്യക്തമാക്കിയത്.