ഒളരിക്കര: കെഎസ്ആർടിസി ജീവനക്കാരന്റെ വീടിനു നേരെ ആക്രമണം. മൂന്നു ബൈക്കുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു ആക്രമണം. ഒളരിക്കര ശിവരാമപുരം കോളനിയിൽ മാന്പ്ര പ്രഭാകരന്റെ മകൻ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി, സ്കൂട്ടർ, ബൈക്ക് എന്നിവയാണ് കത്തിനശിച്ചത്.വീടിനകത്ത് ഷാജിയും ഭാര്യയും കിടന്നുറങ്ങുകയായിരുന്ന മുറിയുടെ ജനൽചില്ലുകൾ പൊട്ടിത്തെറിച്ച് കർട്ടന് തീപിടിച്ച് ഇവർ കിടന്നിരുന്ന കട്ടിലിലേക്ക് തെറിച്ചുവീണപ്പോഴാണ് ഇവർ ഉണർന്നത്.
വീടിനു മുന്നിൽ ഈസമയം തീയും പുകയും നിറഞ്ഞിരുന്നു. ഒരുലക്ഷത്തിലധികം രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് തെരയുന്നുണ്ട്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.