പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പിഎസ്സി മുഖേനെ കെഎസ്ആർടിസിയിൽ നിയമനം ലഭിച്ചവർ മാതൃ സ്ഥാപനം വിട്ടു പോകാൻ താല്പര്യപ്പെടുന്നു.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ 265 ഒഴിവുകളിലേയ്ക്ക് ഡപ്യൂട്ടേഷനിൽ പോകാനുള്ള അവസരം എത്തിയപ്പോൾ ഭൂരിഭാഗം ജീവനക്കാരും അപേക്ഷകരായി രംഗത്ത്.
ഡെപ്യൂട്ടേഷനിൽ പോകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ആറിനാണ് കെഎസ്ആർടിസി ഇറക്കിയത്.
ആദ്യ ദിവസംതന്നെ 7,500 ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. 13 വരെയാണ് യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകരുടെ എണ്ണം 20,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപേക്ഷകരിൽ ഏറിയപങ്കും വനിതാ കണ്ടക്ടർമാരാണ്. തൊഴിലാളി സംഘടനകളുടെ യൂണിറ്റ് ഭാരവാഹികൾ പോലും അപേക്ഷ നല്കിയവരിൽപ്പെടും.
കെഎസ്ആർടിസിയിൽ നിന്നു വേതന സ്ഥിരതയും സംതൃപ്തമായ തൊഴിൽ സാഹചര്യവുമുള്ള മറ്റൊരു സ്ഥാപനത്തിൽ എത്തിചേരാനാണ് ജീവനക്കാർ താല്പര്യപ്പെടുന്നതെന്ന് അപേക്ഷകരുടെ എണ്ണത്തിൽ നിന്ന് വ്യക്തമാണ്.
ജീവനക്കാരുടെ അസംതൃപ്തിയും മോശമായ തൊഴിൽ സാഹചര്യങ്ങളുമാണ് ജീവനക്കാരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസി (എഫ് എഫ് ജെ)ന്റെ ജനറൽ സെക്രട്ടറി പി.ഷാജൻ അഭിപ്രായപ്പെട്ടു.
സമയത്ത് കൃത്യമായി ശമ്പളം നൽകാത്തതും ഗഡുക്കളായി ശമ്പളം നല്കുന്നതും ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെചെറിയ കുറ്റത്തിനും വലിയ ശിക്ഷയാണ് വിധിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
യാത്രക്കാർ ടിക്കറ്റ് എടുക്കാതിരുന്നാൻ ജീവനക്കാർക്ക് പിഴ ഒടുക്കണമെന്ന വിചിത്രമായ രീതി ഈ സ്ഥാപനത്തിൽ മാത്രമാണെന്നും എഫ് എഫ് ജെ പറയുന്നു.
അശാസ്ത്രീയമായ 14 മണിക്കൂർവരെയുള്ള സിംഗിൾ ഡ്യൂട്ടി ജോലി സമയം. മാനസികമായും ശാരീരികമായും പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ജീവനക്കാർ.
മറ്റൊരു തൊഴിൽ മേഖലയിലും ഇല്ലാത്ത അത്ര വലിയ ശതമാനമാണ് ജീവനക്കാരുടെ മരണം. മരണനിരക്ക് കൂടുതലാണ് എന്നത് മനസ്സിലാക്കാൻ ആശ്രിത നിയമനത്തിന് കാത്തിരിക്കുന്നവരുടെ എണ്ണം പരിശോധിച്ചാൽ മാത്രം മതി എന്നും എഫ് എഫ് ജെ ജനറൽ സെക്രട്ടറി വ്യക്തമാക്കി.