പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി ലൈലൻഡിന്റെയും ടാറ്റയുടെയും സഹകരണത്തോടെ രണ്ട് എൻജിൻ റീ കണ്ടീഷനിംഗ് പ്ലാന്റുകൾ സ്ഥാപിക്കുന്നു. വർക്ക് ഷോപ്പുകളുടെ നവീകരണവും ഉടൻ തുടങ്ങും.
യൂണിറ്റുകളിലായി നൂറോളം വർക്ക് ഷോപ്പുകളുള്ളത് നിർത്തലാക്കി തുടങ്ങി. ഇനി 22 വർക്ക് ഷോപ്പുകൾ മാത്രമേ ഉണ്ടാകൂ. ബസുകൾ കഴുകി വൃത്തിയാക്കാൻ വാഷിംഗ് യൂണിറ്റും വാങ്ങും.
ലൈലൻഡിന്റെ സഹകരണത്തോടെ എടപ്പാൾ റീജിണൽ വർക്ക് ഷോപ്പിലാണ് ആദ്യത്തെ എഞ്ചിൻ റീ കണ്ടീഷനിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായി പരിശീലനം നല്കുന്നതിന് ലൈലൻഡിന്റെ എൻജിനീയർമാരും മെക്കാനിക്കുകളും എടപ്പാളിൽ എത്തി ചേർന്നിട്ടുണ്ട്. ടാറ്റയുടെ സഹകരണത്തോടെ തിരുവനന്തപുരത്താണ് രണ്ടാമത്തെ എൻജിൻ നീ കണ്ടീഷൻ യൂണിറ്റ് സ്ഥാപിക്കുന്നത്.
കെഎസ്ആർടിസിയിൽ വർക്ക്ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിംഗ് യൂണിറ്റ് വാങ്ങുന്നത് എന്ന് സിഎംഡി ബിജു പ്രഭാകരൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി വർക്ക് ഷോപ്പ് നവീകരണത്തിന് സർക്കാർ 30 കോടി വീതം അനുവദിക്കുന്നുണ്ട്. ഈ വർഷം30 കോടി രൂപ വർക്ക്ഷോപ്പ് നവീകരണത്തിനും 20 കോടി രൂപ കമ്പ്യൂട്ടറൈസേഷനും വേണ്ടി സർക്കാർ അനുവദിച്ചിട്ടുണ്ട്.
സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് വർക്ക് ഷോപ്പ് നവീകരണം, കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയ ആധുനിക പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്.
4300 ഓളം വിവിധ തലത്തിലുള്ള ബസുകളാണ് വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചു ദീർഘ ദൂര ബസുകൾക്ക് വളരെയേറെ വൃത്തിയും വെടിപ്പും ഉണ്ടാക്കേണ്ടതാണ്.
നിലവിൽ 425 ബസ് വാഷർമാർ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങൾ നവീകരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.
വൃത്തിയുള്ള ബസുകൾ ആണ് യാത്രക്കാരെ ആകർഷിക്കാനുള്ള ഏറ്റവും പ്രധാന കാര്യം. കെഎസ്ആർടിസിയെ പറ്റിയുള്ള പരാതികളും ബസുകൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നുള്ളതുമാണ് .
നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പ്, മാവേലിക്കര, എടപ്പാൾ, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണൽ വർക്ക് ഷോപ്പുകളും ജില്ലാ വർക്ക്ഷോപ്പുകളും നവീകരിക്കുകയാണ്.
കൈകൊണ്ടുള്ള പെയിന്റിംഗ് ഒഴിവാക്കി സ്പ്രേ പെയിന്റിംഗ്, പെയിന്റിംഗ് ബൂത്തുകൾ തുടങ്ങി, ആധുനിക രീതിയിൽ ടയർ മാറാനുള്ള യന്ത്രം വരെ സ്ഥാപിക്കുന്നുണ്ട്.
ഇതെല്ലാം വാങ്ങി നവീകരണം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് ഉടനീളം 100 സ്ഥലത്തായി പ്രവർത്തിക്കുന്ന വർക്ക്ഷോപ്പുകൾ 22 സ്ഥലങ്ങളിലായി 3 ഷിഫ്റ്റും പ്രവർത്തിക്കുന്ന ആധുനിക വർക്ക്ഷോപ്പുകളായി മാറുകയും ചെയ്യും.
കെഎസ്ആർടി സി യുടെ എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസൽ പമ്പിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷൻ യൂണിറ്റ് തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കുമെന്നും സി എം ഡി അറിയിച്ചു.