ചാത്തന്നൂർ: കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍ വൈസറി തസ്തികയിലേക്ക് അസിസ്റ്റന്റ് എൻജിനീയർമാരെ താത്കാലികമായി നിയമിക്കുന്നു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്കുള്ള പ്രമോഷന് തസ്തികയായ അസി. ഡിപ്പോ എന്‍ജിനീയര്‍ (എഡിഇ) തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനത്തിന് നീക്കം നടക്കുന്നത്.
ബിടെക് ബിരുദമുള്ള ഉദ്യോഗാര്‍ഥികളെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബിടെക് ബിരുദം ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം.
ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. നിലവില്‍ 25 ഒഴിവുകളിലേയ്ക്കാണ് നിയമനം, ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കണം. ഈ തുക ജോലിയില്‍ പിരിഞ്ഞുപോകുമ്പോള്‍ തിരികെ ലഭിക്കും. 1,200 രൂപ ദിവസവേതനവും നിയമനം നേടുന്നവര്‍ക്ക് ലഭിക്കും.
സ്ഥിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ളത് പോലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. അതേസമയം, പത്ത് വര്‍ഷം മുതല്‍ പഴക്കം ചെന്ന ബസുകള്‍ പരിപാലിക്കാന്‍ പ്രാപ്തരായ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയില്‍ ഈ തസ്തികയിലേക്ക് താത്ക്കാലികക്കാരെ നിയമിക്കുന്നതിനുളള പുതിയ ഉത്തരവിനെതിരേ ജീവനക്കാരില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
കൂടാതെ താല്കാലിക നിയമനം നടക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റവും അനിശ്ചിതത്വത്തിലാകും. നിലവില്‍ അനുഭവ പരിജ്ഞാനമുള്ള മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ സ്ഥാനക്കയറ്റം നല്കി എഡിഇ തസ്തികയിലേക്ക് നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
മെക്കാനിക്ക്, സീനിയര്‍ മെക്കാനിക് എന്നീ വിഭാഗങ്ങളിലെയ്ക്കും താല്കാലിക നിയമനം നടത്താൻ ഉത്തരവായി. ഡിപ്പോ അടിസ്ഥാനത്തിൽ ഒഴിവുള്ള നിയമനമാണ് നടത്തുന്നത്. ഒഴിവുവരുന്ന സൂപ്പര്‍വൈസറി തസ്തികകളിലേക്ക് മുഴുവനും താല്കാലിക നിയമനം നല്‍കുന്നത് കെഎസ്ആർടിസിക്ക് വേണ്ടി സേവനം ചെയ്യുന്ന ജീവനക്കാരോടുള്ള നീതി നിഷേധമാണെന്നും ഇവര്‍ പറയുന്നു. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഒഴിവുള്ള സൂപ്പര്‍വൈസറി വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം നല്കാന് മാനേജ്മെന്റ് തയ്യാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
പ്രദീപ് ചാത്തന്നൂർ