കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. പ്രായോഗിക തടസങ്ങള്മാ റ്റി പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുന്നതോടെ ഏറെകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത് ഭൂമി കെഎസ്ആര്‍ടിസി വിട്ടു നല്‍കും. 17ന് കെഎസ്ആര്‍ടിസി മൊബിലിറ്റി ഹബ്ബിന് സ്ഥലം കൈമാറുന്നതിനുള്ള നടപടികള്‍ നടക്കും.
മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കും. തുടര്‍ന്ന് 29ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എംഒയു ഒപ്പിടും.
12 കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍
സ്മാര്‍ട്ട് സിറ്റി ബോര്‍ഡിന്റെ 12 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടപ്പാക്കുന്നത്. കാരിക്കാമുറിയിലെ ഭൂമിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല.
പുതിയ സ്റ്റാന്‍ഡില്‍ ബസ് ഷെല്‍ട്ടര്‍, യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം, ടോയ്ലറ്റ് തുടങ്ങിയവയും ഒരുക്കും. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വന്നുപോകുന്നതിനുള്ള സംവിധാനം ഒരുക്കും.