എരുമേലി: സ്ഥലം ഏറ്റെടുത്ത് കെഎസ്ആർടിസി സെന്ററിന്റെ വികസനം സാധ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഇന്നലെ എരുമേലി കെഎസ്ആർടിസി ഓഫീസിൽ ജനപ്രതിനിധികളും ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സെന്റ് തോമസ് സ്കൂളിന് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ എഴ് ഏക്കറോളമുള്ള സ്ഥലം വാങ്ങണമെന്ന് ചർച്ചയിൽ ഉയർന്ന നിർദേശത്തിന് മറുപടി പറയുകയായിരുന്നു എംഎൽഎ. ഈ സ്ഥലം ലഭിച്ചാൽ കെഎസ്ആർടിസിക്കൊപ്പം മറ്റ് വികസന സംരംഭങ്ങൾ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്താണ് സ്ഥലം ഏറ്റെടുക്കേണ്ടത്. അതിന് മുമ്പ് ഹൗസിംഗ് ബോർഡിൽ നിന്ന് അനുമതി നേടണം. ഒപ്പം വകുപ്പുതല അനുമതി പഞ്ചായത്തിന് ലഭിക്കുകയും വേണം. ഇതിനായി സർക്കാർ തലത്തിൽ ഇടപെടാമെന്ന് എംഎൽഎ പറഞ്ഞു.
നിലവിൽ കോവിഡ് പ്രതിരോധം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യ പരിഗണന നൽകേണ്ടതിനാൽ വരും വർഷം കെഎസ്ആർടിസിക്ക് വികസനം ഉറപ്പാക്കുന്ന വിധം നടപടികൾ ഇപ്പോൾ തന്നെ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി പറഞ്ഞു.
സെന്ററിൽ ശൗചാലയങ്ങൾ നവീകരിക്കാൻ തീരുമാനമായി. ഭിന്നശേഷിക്കാർക്കും വയോധികർക്കുമായി റാമ്പ് നിർമിക്കുന്നതിനും തീരുമാനിച്ചു. കേരളത്തിൽ ആദ്യമായി ജനകീയാസൂത്രണ പദ്ധതിയിൽ കെഎസ്ആർടിസിക്ക് നിർമിക്കപ്പെട്ടതാണ് എരുമേലി സെന്റർ.
ഹൗസ് പ്ലോട്ടുകൾ നിർമിച്ച് നൽകാൻ അന്തരിച്ച കെ.എം. മാണി ഭവന നിർമാണ മന്ത്രി ആയിരിക്കെ ഹൗസിംഗ് ബോർഡ് വാങ്ങിയതാണ് എഴ് ഏക്കർ വരുന്ന സ്ഥലം. കാട് പിടിച്ച് ഉപയോഗമില്ലാതെ കിടക്കുന്ന ഈ സ്ഥലത്തേക്ക് റോട്ടറി ക്ലബ്ബ് വെയ്റ്റിംഗ് ഷെഡ് ജംഗ്ഷനിൽ കൂടിയാണ് വഴിയുള്ളത്.
സ്ഥലം ഇനിയും ഏറ്റെടുക്കാൻ സാധിക്കുമെന്നുള്ളത് വികസനം ഉറപ്പാക്കാനുള്ള സാധ്യത വീണ്ടും ശക്തമാക്കുകയാണ്. പൊൻകുന്നം സബ് ഡിപ്പോയുടെ കീഴിലാണ് എരുമേലി സെന്റർ. സബ് ഡിപ്പോ ആയി സെന്റർ മാറിയാൽ കൂടുതൽ മെച്ചപ്പെട്ട സേവനവും വികസനവും കൈവരും.