ഏറ്റുമാനൂർ: നിത്യവൃത്തിക്ക് വകയില്ലാതെ പെൻഷൻകാർ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയൊന്നും ഇപ്പോൾ ശന്പളം വാങ്ങുന്ന ജീവനക്കാർക്ക് പാഠമാകുന്നില്ല. ഈ കെഎസ്ആർടി സി നന്നാകില്ല. നന്നാകാൻ അവർ സമ്മതിക്കില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഏറ്റുമാനൂരിൽ കണ്ട രണ്ട് സംഭവങ്ങൾ അതിന്റെ അടയാളങ്ങളാണ്.
തിങ്കളാഴ്ച്ച രാത്രി പത്തു മണിക്ക് ഏറ്റുമാനൂരപ്പൻ ബസ്ബേയിൽ ബസ് കാത്തുനിന്ന വൃദ്ധയോടുള്ള ജീവനക്കാരുടെ പെരുമാറ്റം കണ്ടവർ മൂക്കത്ത് വിരൽ വച്ചുപോയി. വൈക്കത്തുനിന്നും മീൻ വിൽപ്പനയ്ക്ക് ഏറ്റുമാനൂർ മൽസ്യ മാർക്കറ്റിലെത്തുന്നതാണ് എണ്പതിനോടടുത്ത് പ്രായമുള്ള വൃദ്ധ.
അന്ന് വില്പന കഴിഞ്ഞ് പാത്രങ്ങൾ കഴുകി വൃത്തിയാക്കി വന്നപ്പോൾ വൈകി. ബസ്ബേയിൽ ഉണ്ടായിരുന്ന യുവാവിനോട് ബസ് വരുന്പോൾ കൈകാണിച്ചു നിർത്തണമെന്നും ബസിൽ കയറാൻ സഹായിക്കണമെന്നും പറഞ്ഞു. ഈസമയം വൈക്കം വഴി എറണാകുളത്തേക്കുള്ള ലോഫ്ളോർ ബസ് എത്തി. യുവാവ് കൈകാട്ടി ബസ് നിർത്തി,വൃദ്ധയെ ബസ്സിൽ കയറാൻ സഹായിച്ചു.
മുന്നോട്ടു നീങ്ങിയ ബസ് അന്പത് മീറ്ററോളം മുന്നോട്ടു പോയി നിന്നു. നിമിഷങ്ങൾക്കകം വൃദ്ധയുടെ പാത്രങ്ങൾ റോഡിലേക്ക് പറന്നു വീണു. വൃദ്ധയെ ബസ് കയറ്റിവിട്ട യുവാവും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തി വിവരം തിരക്കി. ഈ സമയം വൃദ്ധയെ ബസിൽനിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിലായിരുന്നു കണ്ടക്ടർ.അമ്മയേക്കാൾ പ്രായമുള്ള സാധു സ്ത്രീയോടുള്ള അയാളുടെ സംസാരം കേട്ടാൽത്തന്നെ ആർക്കും അടികൊടുക്കാൻ തോന്നും.
യുവാവും മറ്റുള്ളവരും കണ്ടക്ടറെ ചോദ്യം ചെയ്തപ്പോൾ അവരെ നേരിടാൻ ഡ്രൈവറുമെത്തി. എന്നാൽ വൃദ്ധയെ ഇറക്കിവിട്ടാൽ ബസ് പോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിന് മുന്നിൽ ഒടുവിൽ ബസ് ജീവനക്കാർ മുട്ടുമടക്കി വൃദ്ധയുമായി പോകാൻ തയ്യാറായി. വൈക്കത്ത് എത്തുവോളം ഈ ജീവനക്കാർ വൃദ്ധയെ എന്തൊക്കെ പറഞ്ഞുകാണുമോ ആവോ!
രണ്ടാമത്തെ സംഭവം. തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന സൂപ്പർ ഫാസ്റ്റ് ബസ് ഏറ്റുമാനൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ പതിവില്ലാത്തവിധം കണ്ടക്ടർ ഒരേ ശ്വാസത്തിൽ മൂന്നുതവണ ഏറ്റുമാനൂരിൽ ആളിറങ്ങാനുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്നു. ആരും ഇറങ്ങുന്നില്ല. കണ്ടക്ടർ ഡബിൾ ബെല്ലടിക്കുന്നു. ബസ് കുറെ മുന്നോട്ടു നീങ്ങിക്കഴിഞ്ഞപ്പോൾ കണ്ടക്ടർ ഒരു യാത്രക്കാരന്റെ അടുത്തെത്തുന്നു.
കത്തിക്കാളുന്ന ഉച്ചവെയിലിൽ തളർന്ന് ഉറങ്ങുകയാണ് യുവാവ്. തട്ടിവിളിച്ചിട്ട് തനിക്ക് എവിടാ ഇറങ്ങണ്ടതെന്ന് ചോദ്യം.ഏറ്റുമാനൂരെന്നു മറുപടി. ഞാൻ ചോദിച്ചത് കേട്ടില്ലായിരുന്നോ എന്നുചോദിച്ച് വായിൽ തോന്നിയതൊക്കെ പറഞ്ഞ് ഇറക്കിവിട്ടു, സ്റ്റോപ്പില്ലാത്തിടത്ത്.
പൊരിവെയിലിൽ നടന്നുവലഞ്ഞ് ബസ്സിൽ കയറി അയാൾക്ക് ഏറ്റുമാനൂരിലെത്തണം. ഇത് കണ്ടക്ടർ അയാൾക്ക് വിധിച്ച ശിക്ഷ! ഏറ്റുമാനൂരിൽ വച്ച് അയാളെ വിളിച്ചുണർത്തിയിരുന്നെങ്കിലോ? അതല്ലെങ്കിൽ ഏതെങ്കിലുമൊരു സ്റ്റോപ്പിൽ ഇറക്കി വിട്ടിരുന്നെങ്കിലോ? ചെയ്യില്ല. നന്നായി പെരുമാറിയാൽ കൂടുതൽ യാത്രക്കാർ കെ എസ് ആർ ടി സി ബേസിൽ കയറില്ലേ? കെ എസ് ആർ ടി സി രക്ഷപെടില്ലേ? സമ്മതിക്കില്ല ഇവർ.