കോട്ടയം: ശമ്പളം കിട്ടാത്തതിനെതിരേ ഡിപ്പോയ്ക്കു മുന്നില്‍ പിഞ്ചു കുഞ്ഞുള്‍പ്പെടെയുള്ള കുടുംബവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ പ്രതിഷേധം.
കോട്ടയം ഡിപ്പോയ്ക്കു മുന്നില്‍ ഇന്നലെ രാവിലെയാണു സമരം അരങ്ങേറിയത്. ഡിപ്പോയിലെ കണ്ടക്ടറായ മാങ്ങാനം സ്വദേശി വൈശാഖും ഭാര്യ രേഖ, മക്കളായ ദേവദര്‍ശന്‍, ദേവദര്‍ശിനി എന്നിവരും മറ്റൊരു കണ്ടക്ടറായ അതിരമ്പുഴ സ്വദേശിയായ ആമോലും കൈക്കുഞ്ഞുമായി ഭാര്യ ജിന്‍സിയും സമരത്തില്‍ പങ്കാളിയായി.
ഉച്ചയ്ക്ക് 12ന് ആരംഭിച്ച സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഞങ്ങളുടെ അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂ എന്ന പ്ലക്കാര്‍ഡുമായിട്ടാണ് കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തത്.
രണ്ടു മാസമായി വൈശാഖിനും ആമോലിനും ശമ്പളം ലഭിച്ചിട്ട്. ഓണത്തിനു കുട്ടികള്‍ക്ക് ഓണക്കോടി വാങ്ങുന്നതിനു പോലും കൈയില്‍ പണമില്ല.
ജീവിതം മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുന്നതിനാലും മറ്റു മാര്ഗമില്ലാത്തതിനാലുമാണ് ഭാര്യയെയും കുട്ടികളെയുമായി സമരത്തിനിറങ്ങേണ്ടി വന്നതെന്ന് ഇരുവരും പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് കെഎസ്ആര്‍ടിസി എംഡിയുമായി സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന ഡിടിഒയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം താത്കാലികമായി നിര്‍ത്തിയത്.
ഓണത്തിനു മുമ്പ് ശമ്പളം നല്‍കിയില്ലെങ്കില്‍ തിരുവോണ ദിവസം ഡിപ്പോയ്ക്കു മുമ്പില്‍ പട്ടിണി സമരം നടത്താനാണ് ഇവരുടെ തീരുമാനം.