കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം! മേയ് മാസത്തെ വരവ് 207.35 കോടി രൂപ; ശമ്പളം കൃത്യമാക്കിയതോടെയുള്ള ജീവനക്കാരുടെ ഉത്സാഹം വരുമാന വര്‍ധനവിന് കാരണമായെന്നും വിലയിരുത്തല്‍

കിതച്ചു കിതച്ചു മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് കുതിപ്പ് കൈവരുന്നു എന്നുള്ള സൂചന പുറത്ത്. ഇത്തവണത്തെ പ്രതിമാസ നേട്ടമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടമാണ് കെഎസ്ആര്‍ടിസി ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. മേയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരവ്. കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയാലും മുടക്കം കൂടാതെ ശമ്പളം യഥാക്രമം കിട്ടിത്തുടങ്ങിയതും കെഎസ്ആര്‍ടിസിയുടെ റെക്കോഡ് കുതിപ്പിന് ഊര്‍ജമായി.

2017 മേയില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടി നേട്ടം കൊയ്തപ്പോള്‍ 2018 ജനുവരിയില്‍ 195.24 കോടിയായിരുന്നു വരവ്. ഇതാണ് ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനം. ഈ മാസങ്ങളില്‍ ശബരി സീസണിലെ സ്പെഷ്യല്‍ സര്‍വ്വീസുകളാണ് വരുമാനം ഉയര്‍ത്തിയതെങ്കില്‍ മെയ് മാസത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയതാണ് നേട്ടമായയെന്നാണ് കെഎസ്ആര്‍ഡിസി പറയുന്നത്. അതോടൊപ്പം ഇന്‍സ്പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതും നേട്ടമായി.

എന്നാല്‍ ഇന്ധനവില വര്‍ധനയും വിദ്യാര്‍ഥികളുടെ സൗജന്യയാത്രയും കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്വകാര്യബസുകളെ വിട്ട് കെഎസ്ആര്‍ടിസിയെ കൂടുതല്‍ ആശ്രയിക്കുന്നത് മറ്റു യാത്രക്കാരുടെ കുറവിന് കാരണമാകും. ഇത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവ് വരുത്തുന്നു.

Related posts