ചാത്തന്നൂർ: കെഎസ്ആർടിസി കാലപ്പഴക്കം ചെന്ന ഫയലുകളും രജിസ്റ്ററുകളും ഇനി സൂക്ഷിക്കേണ്ടതില്ലെന്നും ലേലം ചെയ്ത് വിറ്റ് കോർപറേഷന് മുതൽകൂട്ടുണ്ടാക്കാനും തീരുമാനം. എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എം. ഷാജിയുടെ അധ്യക്ഷതയിൽ യോഗമാണ് തീരുമാനമെടുത്തത്.
ഫയലുകളും രജിസ്റ്ററുകളും ഡിസ്പോസൽ ചെയ്യുന്നതിനായി യൂണിറ്റ് മേധാവി ചെയർമാനായി ഡിസ്പോസൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. വർക്ക് ഷോപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ മേധാവികളും അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളും ഈ കമ്മിറ്റിയിലുണ്ടാകും.
അഞ്ചുവർഷത്തിലധികം പഴക്കമുള്ള കെഎം പി എൽ രജിസ്റ്റർ, ചെക്ക്ഷീറ്റ്, ലോഗ് ഷീറ്റ്, വേബിൽ, ജേർണി ബിൽ മൂന്ന് വർഷത്തിലധികം പഴക്കമുള്ള മെക്കാനിക്ക് വർക്ക് രജിസ്റ്റർ, പർച്ചേസ് സ്റ്റേഷനറി ഫയലുകൾ ജനറൽ ഫയലുകൾ, കൺസഷൻ അപേക്ഷകൾ പത്ത് വർഷത്തിലധികം പഴക്കമുള്ളെ ടെൻഡർ ഫയലുകൾ എന്നിവയാണ് ഡിസ്പോസ് ചെയ്യുന്നത്.
സാമ്പത്തിക ഇടപാട് രേഖകൾ ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മാത്രമേ ഒഴിവാക്കാവു. പേയ്മെന്റ് നടത്തുന്ന ബില്ലുകൾ, എഗ്രിമെന്റ്, , അറ്റൻഡൻസ് രജിസ്റ്റർ, വാഹനാപകട ഇൻഷ്വറൻസുമായ ബന്ധപ്പെട്ട ബസുകളുടെ വേ ബിൽ ലോഗ് ഷീറ്റ്, ജർണിബിൽ എന്നിവ സ്ഥിരമായി സൂക്ഷിച്ചു വയ്ക്കണം.
പ്രദീപ് ചാത്തന്നൂർ