തൊടുപുഴ: മുന്നറിയിപ്പില്ലാതെ ദീർഘദൂര സർവീസ് റദ്ദു ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ വലച്ച കെഎസ്ആർടിസി 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കേസ് ചെലവു നൽകാനും ഇടുക്കി ജില്ലാ ഉപഭോക്തൃ തർക്കപരിഹാരഫോറം വിധിച്ചു.
കഴിഞ്ഞ 14ന് രാത്രി 8.30ന് പാലായിൽ നിന്നും ബാംഗ്ലൂർക്ക് പോകുന്ന ബസിൽ മൈസൂറിനു പോകാനായി നെടിയശാല കൊടിയംമാനാൻ വിൻസന്റാണ് ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്തിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ബസ് റദ്ദു ചെയ്യുകയായിരുന്നു. തുടർന്ന് ബസ് ചാർജ് തിരികെ നൽകുകയോ അനുബന്ധ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത് സേവന അപര്യാപ്ത ആണെന്നതിലാണ് നഷ്ടപരിഹാരം നൽകാനും എസ്.ഗോപകുമാർ അധ്യക്ഷനായ ഫോറം വിധിച്ചത്. ഇതോടൊപ്പം മുഴുവൻ ടിക്കറ്റ് ചാർജും 30 ദിവസത്തിനകം നൽകാനും ഇതിനകം പണം നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ നൽകാനും നിർദ്ദേശിച്ചു. യാത്രക്കാരനു വേണ്ടി വി.എ.ബിജു ഹാജരായി.