മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പോലീസ് സ്റ്റേഷന് സമീപം കെഎസ്ആര്‍ടിസി ബസിന്റെ ടയറിനു തീപിടിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.
താമരശേരിയില്‍നിന്ന് എറണാകുളത്തേക്ക് പോവുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്. ബ്രേക്കിന്റെ ലൈനര്‍ ജാമായതാണ് തീ പിടിക്കാന്‍ കാരണം. താമരശേരിയില്‍നിന്നു പുറപ്പെട്ട ബസ് ഓമശേരി എത്തിയപ്പോള്‍ പിറക് വശത്തുനിന്നും തീ പടരുന്നത് കണ്ട യാത്രക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ അറിയിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല.
പിനീട് മുക്കം അഗസ്ത്യന്മുഴി ഫയര്‍ സ്റ്റേഷന് മുമ്പില്‍ എത്തിയപ്പോഴും പുക ഉയരുന്നത് കണ്ടു.അവിടെ നിര്‍ത്തി തീയണച്ചശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. പുകയുടെ കാരണം കണ്ടെത്തിയില്ല. മുക്കം പോലീസ് സ്റ്റേഷന് അടുത്ത് എത്തിയപ്പോള്‍ വലിയതോതില്‍ പുക ഉയര്‍ന്നതോടെയാണ് ബസ് നിര്‍ത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഈ ബസിന് സ്ഥിരമായി കേടുപാട് സംഭവിച്ച് യാത്ര മുടങ്ങാറുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. തീ പിടിത്തത്തെ തുടര്‍ന്ന് ബസിന്റെ യാത്ര നിര്‍ത്തിവച്ച് യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിട്ടു.