പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 1275 ബസുകളുടെ ഫിറ്റ്നസ് കാലാവധി രണ്ടു മാസത്തേക്ക് നീട്ടി കൊടുത്തുകൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി.
മാർച്ച്, ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ ഫിറ്റ്നസ്കാലാവധി അവസാനിക്കുന്ന ബസുകളുടെ കാലാവധിയാണ് നീട്ടിക്കൊടുത്തിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിലും ബസുകളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് ഫിറ്റ്നസ് പരിശോധന രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടിയത്.
ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് പരമാവധി ബസുകൾ ആവശ്യമുള്ളതിനാലും കെഎസ്ആർടിസിയുടെ മാനവശേഷി വർഷം മുഴുവൻ ഒരു പോലെ ഉപയോഗപ്പെടുത്തുന്ന വിധത്തിൽ ക്രമീകരിക്കുന്നതിനുമാണ് കാലാവധി നീട്ടി നല്കിയത്.
കെഎസ്ആർടിസിയുടെ 5422 ബസുകളിൽ 3052എണ്ണത്തിന്റെ കാലാവധിയാണ് മാർച്ച് ,ഏപ്രിൽ , നവംബർ, ഡിസംബർ മാസങ്ങളിൽ തീരുന്നത്.
ഇതിൽ 1275 ബസുകളുടെ ഫിറ്റ്നസ്കാ ലാവധിയാണ് രണ്ട് മാസത്തേക്ക് ഗതാഗത വകുപ്പ് നീട്ടി കൊടുത്തിട്ടുള്ളത്. കെഎസ്ആർടിസി 15 വർഷം കാലാവധി കഴിഞ്ഞ1635 ബസുകൾ കണ്ടം ചെയ്യാനായി മാറ്റിയിട്ടുണ്ട്.
ബസുകൾ കണ്ടം ചെയ്യാനായി സ്വകാര്യസ്ഥാപനങ്ങളുമായി ചേർന്ന് നാല് ബസ് പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലുമാണ്.