എം.സുരേഷ് ബാബു
തിരുവനന്തപുരം: സംസ്ഥാനത്ത് വേഗപൂട്ടിൽ കൃത്രിമം നടത്തിയ സ്വകാര്യ- ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർവാഹനവകുപ്പ് പരിശോധന തുടരുന്നു.
വേഗപൂട്ടിൽ കൃത്രിമം കാട്ടിയതിന് 30 വാഹനങ്ങളുടെ ഫിറ്റ്നെസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ നടത്തിയ പരിശോധനയിലാണ് വേഗപൂട്ടിൽ കൃത്രിമം കണ്ടെ ത്തിയതിന് വാഹനങ്ങൾക്കെതിരെ നടപടിയെടുത്തത്.
20 സ്വകാര്യ ബസ്സുകളുടെയും എട്ട് ടൂറിസ്റ്റ് ബസുകളുടെയും രണ്ട ് കെഎസ്ആർടിസി ബസ്സുകളുടെയും ഉൾപ്പെടെ 30 വാഹനങ്ങളുടെ ഫിറ്റ്നെസ് ആണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്.
450 ൽപരം ബസുകൾ പരിശോധിച്ചതിൽ മോട്ടോർവാഹനവകുപ്പ് നിയമത്തിന് വിരുദ്ധമായി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ച 390 നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തുകയും ഇത്തരം വാഹനങ്ങൾക്കെതിരെ നിയമനടപടിയും പിഴയും ചുമത്തുകയുണ്ട ായി.
പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന കൂടുതൽ വ്യാപകമാക്കിയിരിക്കുന്നത്.
വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ, സ്വകാര്യ ബസ്സുകൾ എന്നിവ നിയമലംഘനം നടത്തുകയാണെങ്കിൽ വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്തിന്റെ നിർദേശാനുസരണം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ കർശനമാക്കിയത്.
വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മോട്ടോർവാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി ഉണ്ട ാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.